Sunday, July 31, 2011

മഴപ്പേച്ച് കേള്‍ക്കവാ...




ര്‍ദ്ധരാത്രി ഓര്‍ക്കാപ്പുറത്തായിരുന്നു മഴ.  മുന്നിലെ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്ന ലോട്ടറിക്കാരന്‍ ഉറക്കം ഞെട്ടി.  പാതിയുറക്കത്തില്‍ ആകാശം നോക്കി മിഴിച്ച അയാളെയും മുഷിഞ്ഞ പുതപ്പിനെയും തലയിണയാക്കിയ ലോട്ടറിബാഗിനെയും നനയിച്ച് മഴ. അയാള്‍ അവിടെ തന്നെ കിടന്ന് പുളച്ചു. ആകാശത്ത് നിന്ന് പൊട്ടി വീഴുന്ന ഓരോ മഴത്തുള്ളിയെയും തെറിവിളിച്ചു. മറുവശത്ത് മുറുക്കാന്‍ കടയിലിരുന്ന ചെറുക്കന്‍ ഉറക്കെ ഇതുകണ്ട് ചിരിച്ചു. അയാള്‍ അവനെയും തെറിവിളിച്ചു. മഴപോലെ തോരാത്ത തെറി..അവന്‍ ചിരിക്കിടയില്‍ പറഞ്ഞു. അതിന് എണീക്കാനാവില്ല പാവം..മഴ കൊള്ള്വന്നെ...കയ്യില്‍ നിരങ്ങി ലോട്ടറിവില്‍ക്കുന്ന ആളല്ലേ അതെന്ന് ദീര്‍ഘനിശ്വാസം അപ്പോള്‍. എഴുന്നേല്‍പ്പിക്കാന്‍ ചെന്നവരെയും അയാള്‍ ചീത്തവിളിച്ചു.

മഴയോടുള്ള കലിപ്പ് തീര്‍ത്തു.ആ മഴ തീരും വരെ അയാള്‍ തെറി പറഞ്ഞു കൊണ്ടിരുന്നിരിക്കും.  മഴയെ ഓരോരുത്തരും ഓരോന്നു പറഞ്ഞു കൊണ്ടിരിക്കുന്നു. കേരളത്തിലും ലക്ഷദ്വീപിലുമായി 70 സ്റ്റേഷനുകളിലെ നിരീക്ഷണ ഉപകരണങ്ങളില്‍ നിന്ന് കണക്കുകൂട്ടി തിരുവനന്തപുരത്തെ കാലാവസ്ഥാ കേന്ദ്രം മഴവരും മുമ്പേ പറയാന്‍ തുടങ്ങുന്നു.   പെയ്തു വീണ മഴത്തുള്ളികളേക്കാളേറെ  ഒരു പക്ഷേ മഴയെക്കുറിച്ച് നാം കുറിച്ചു വച്ചിട്ടും പറഞ്ഞിട്ടുമുണ്ടാകും. കവിതയിലും കഥയിലും കനവുകളിലും ഇറയത്തും ഇടവഴിയിലും നഗരപാതയിലും കടലിലും മഴയുണ്ട്. മഴ നല്‍കുന്ന അനുഭവങ്ങള്‍ ,നീട്ടുന്ന ഓര്‍മകള്‍, അസ്വസ്ഥതകള്‍ എല്ലാം ഓരോ മഴക്കാലവും കടന്നുപോവുമ്പോഴും അുഷ്ഠാനം പോലെ നാം ഏറ്റുവാങ്ങുന്നുമുണ്ട്. മഴപോലെ ചിതറിയ ചില മഴപ്പറച്ചിലുകളുമായി ഇരിക്കാം...



                                                           മഴപെയ്യുന്ന കാട്ടുവഴികള്‍



ഒരു മുന്നറിയിപ്പുമില്ലാതെയാണ് കാട്ടില്‍ മഴ അധീശത്വം സ്ഥാപിക്കുക. അതുവരെ ഇലപ്പടര്‍പ്പുകള്‍ നുഴഞ്ഞെത്തുന്ന വെയില്‍ നാളങ്ങളില്‍ തെളിയുന്ന വനാന്തരത്തില്‍ ഇരുളുകോരിയിട്ട്  പെട്ടെന്നാണ് മഴയെത്തുക.  വള്ളിപ്പടര്‍പ്പുകളിലും ഇലകളിലും പുല്‍ത്തുമ്പുകളിലും തട്ടിത്തെറിച്ച് മഴപ്പെയ്ത്ത്. ഇലപ്പച്ച വിരിപ്പുകളിലൂടെ തിരക്കിട്ട് അരിച്ചുകയറുന്ന കണക്കറ്റ കുളിര്‍ മണികള്‍...ഓരോ മഴയും വനഹൃദയത്തില്‍ പുതിയ കവിത വിരിയും പോലെയാണ്.. മഴപെയ്തു തിമിര്‍ത്ത കാടിന് പിന്നെ  പുതുചൈതന്യം...തവിട്ടുമഞ്ഞ നിറത്തില്‍ ചന്തംവറ്റിയ വേനല്‍ക്കാടിനെ മഴ ഇളം പച്ചയുടെയും കരിംപച്ചയുടെയും പുടവ ചാര്‍ത്തുന്നു. കരിയിലപ്പടര്‍പ്പുകള്‍ക്കടിയില്‍ കാട് ഒളിപ്പിച്ചു വച്ച ആവാസവ്യവസ്ഥ തേടി നടന്ന കെ.വി വിനോദ് എന്ന ഗവേഷകന് കാട് കുറേ മഴയനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫോറസ്റ്റ് എന്‍ഡമോളജിയിലായിരുന്നു വിനോദിന്റെ ഗവേഷണം.  പരിസ്ഥിതി വന മന്ത്രാലയത്തിന്റെ ഒരു പ്രൊജക്റ്റിലാണ് വിനോദ് കാടിന്റെ കരിയിലപ്പുതപ്പുകള്‍ക്കടിയിലെ വണ്ടുകളെയും ഷഡ്പദങ്ങളെയും തേടി നടന്നത്. ദിവസങ്ങളോളം ഓരോ നിബിഡ വനങ്ങളിലും മഴക്കൊപ്പം വിനോദ് നടന്നു. മഴ ഈറനുടുപ്പിച്ച വനത്തിലാണ് ഷഡ്പദങ്ങളും ചീവീടുകളും പാമ്പുകളും വണ്ടുകളും തവളകളുമെല്ലാം സജീവമാവുക. വേനല്‍ വരള്‍ച്ചയില്‍ മണ്ണോട്ചേര്‍ന്ന് കിടന്ന അവയെല്ലാം മഴ വിതച്ചു പോയ തണുപ്പില്‍ പതിയെ പുറത്തെത്തുന്നു. കാട് ശബ്ദമുഖരിതമാകുന്നു.

 അവയെ തിന്നു വിശപ്പു തീര്‍ക്കാന്‍ ഭക്ഷ്യശൃംഖലയിലെ അടുത്ത കണ്ണികളെത്തുന്നു. പാമ്പുകളും പക്ഷികളും സജീവമായി ഇരതേടിയിറങ്ങുന്നു. മുളച്ചു പൊന്തിയ ഇളം പുല്‍ നാമ്പുകള്‍ തേടി മാന്‍ കൂട്ടങ്ങളിറങ്ങുന്നു. പൂക്കള്‍ തേടി അസംഖ്യം പൂമ്പാറ്റകള്‍...ഓരോ മഴക്കാലവും കാടിന് നൂറഴകു തിരിച്ചു നല്‍കുവാനാണ് പെയ്തൊഴിയുന്നതെന്ന് വിനോദ് പറയുന്നു. മഴയത്ത് കാട്ടാനകളും കാട്ടുപോത്തുകളും മാനുകളുമെല്ലാം വലിയ വൃക്ഷച്ചുവടുകളില്‍ കുളിര്‍ന്നു നില്‍ക്കുന്നത് പതിവു കാഴ്ച.  മഴത്തോര്‍ച്ചയില്‍ ദേഹത്തെ നീര്‍മുത്തുകള്‍ കുടഞ്ഞെറിഞ്ഞു കളയുന്ന മാന്‍കൂട്ടങ്ങള്‍ കണ്ണിനു വിരുന്ന്.. ആനച്ചന്തത്തിന്റെ പൂര്‍ണത വെളിപ്പെടുന്നത് മഴതിമിര്‍ക്കുന്ന കാട്ടിലാണെന്ന് വിനോദ് പറയുന്നു. ദേഹത്തെ ചെളിയെല്ലാം മഴ കഴുകിക്കളയുമ്പോഴാണ് കറുകറുപ്പിന്റെ യഥാര്‍ഥ ആനച്ചന്തം വെളിപ്പെടുക. നിബിഡവനങ്ങളിലെ ആനകള്‍ക്ക് നാട്ടാനകളെപ്പോലെ വെള്ളപ്പാണ്ടിന്റെ അഭംഗിയുമുണ്ടാവില്ല. മഴ വാഴുന്ന കാട്ടില്‍ തന്നെ ആനക്ക് ആനയോളം അഴകെന്ന് വിനോദിന്റെ പക്ഷം. നനവ് തീരെയിഷ്ടമില്ലാത്ത കടുവ പോലുള്ള ജീവികള്‍ മഴ തുടങ്ങിയാല്‍ പുറത്തിറങ്ങുകയേ ഇല്ല. അവ കണിയാവുകയില്ല തന്നെ..

ഒരു മഴക്കാലം സൈലന്റ്വാലിയിലെ നിബിഡതകളില്‍ അലഞ്ഞ ഓര്‍മള്‍ക്ക് ഇപ്പോഴും നനവാറിയിട്ടില്ല വിനോദിനുള്ളില്‍. അപൂര്‍വമായി പ്രവേശനം സാധ്യമാവുന്ന സൈലന്റ്വാലിയിലെ കോര്‍ മേഖലയും കടന്നു യാത്ര തുടരവേ മഴ പെയ്തുതുടങ്ങി. തമിഴ്നാടിലെ മുകുര്‍തി ദേശീയ പാര്‍ക്കിന്റെ അതിര്‍ത്തിയോളം വനയാത്ര കൊണ്ടെത്തിച്ചിരുന്നു. ഒരു ദിനം മുഴുവന്‍ മഴയേറ്റു നടത്തം. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള മലമുകളിലൂടെയായിരുന്നു മഴയാത്ര. അല്‍പ്പവസ്ത്രനായി മഴകലമ്പുന്ന കാടിനുള്ളില്‍ സര്‍വ്വം മറന്നു നടപ്പായിരുന്നു.  കനത്ത മഴയിലും തോടുകള്‍ തെളിഞ്ഞു തന്നെ കുത്തിയൊഴുകുന്നു.  മഴയത്ത് കാട്ടിലൂടെ പോവുമ്പോള്‍ വന്യമൃഗങ്ങളെ കണ്ടുമുട്ടാനുള്ള സാധ്യത കൂടുതലാണ്. കടുവ,പുലി ഒഴികെയുള്ള വന്യജീവികള്‍ മനുഷ്യന്റെ സാനിധ്യം തിരിച്ചറിയുന്നത് ഗന്ധങ്ങളിലൂടെയാണ്. കാടിലേക്ക് നാം കടന്നു തുടങ്ങുമ്പോള്‍ തന്നെ ഗന്ധമുള്‍ക്കൊണ്ട് ആനയും കാട്ടുപോത്തും മാനുമെല്ലാം വഴിമാറിപ്പോവും. പക്ഷേ മഴ ഈ മണംപിടിക്കലിന് തടസമാവുന്നു. ഈര്‍പ്പം നിറഞ്ഞ വനാന്തരീക്ഷത്തില്‍ ഗന്ധകണികകള്‍ അധികം സഞ്ചരിക്കാതാവുന്നതിനാല്‍ പലപ്പോഴും മൃഗങ്ങള്‍ തൊട്ടടുത്ത് എത്തുമ്പോഴാണ് നമ്മുടെ സാനിധ്യമറിയുക.

 തൊട്ടരികിലായി അടയാളങ്ങള്‍ അവശേഷിപ്പിച്ചുപോയ വന്യജീവിയെ ഈ യാത്രയില്‍ ഏറെ തിരിച്ചറിഞ്ഞു. ചിലവ മുന്നില്‍ വന്നുപെടുകയും ചെയ്തു.  നിബിഡവനങ്ങളിലെ മൃഗങ്ങള്‍ക്ക് ഒട്ടും പരിചിതമല്ലാത്തതിനാല്‍ മനുഷ്യസാനിധ്യം അവയെ മറ്റു വനമേഖലകളിലുള്ള മൃഗങ്ങളേക്കാള്‍ കൂടുതല്‍ ഭയചകിതരാക്കും. മനുഷ്യസാനിധ്യമറിഞ്ഞ ഷോക്കില്‍ നിന്ന് ചിലപ്പോള്‍ മുക്തരാവാന്‍ അവ ദിവസങ്ങളെടുക്കും. കനത്തുപെയ്യുന്ന മഴ പലപ്പോഴും കാടിനുള്ളിലെ നമ്മുടെ കാഴ്ചയുടെ പരിധി കുറക്കും. ഒരിക്കല്‍ വയനാട്  തിരുനെല്ലിയിലെ പക്ഷിപാതാളത്തുനിന്ന് കണ്ണുരിലെ ആറളം വന്യമേഖലയിലേക്കുള്ള ദിവസങ്ങളോളം നീണ്ട വിനോദിന്റെയും സംഘത്തിന്റെയും വനയാത്രയില്‍ മഴ വില്ലനായി. സഹയാത്രികരായി മൂന്നു ഫോറസ്റ്റ് വാച്ചര്‍മാരും സുഹൃത്തുക്കളും..പക്ഷിപാതാളത്തുനിന്ന് ഏഴു കിലോമീറ്റര്‍ നടന്നുകയറിയപ്പോള്‍ സമൃദ്ധമായ പുല്‍മേടുകള്‍.. അവിടെനിന്ന് ഏഴുകിലോമീറ്റര്‍ താണ്ടി തിരുനെല്ലിയുടെ അതിര്‍ത്തിയായ അമ്പലപ്പാറ മേഖലയിലെത്തി. സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരം. പാറക്കെട്ടുകളില്‍ വേരാഴ്ത്താനാവാതെ മുരടിച്ചുപോയ മരക്കൂട്ടങ്ങള്‍. അവിടെയായിരുന്നു മഴ പെയ്തുതുടങ്ങിയത്. ഇടിമിന്നലോടെ കനത്ത മഴ. അവിടെ പണിപാതിയായ വാച്ച് ടവര്‍ ബീമിന്റെ അടിയില്‍ തീക്കൂട്ടി ഭക്ഷണമുണ്ടാക്കി കഴിച്ചു. സ്ലീപ്പിങ് ബാഗിനുള്ളില്‍ മഴയും ഇരുട്ടും മല്‍സരിച്ചു തിമിര്‍ക്കുന്ന കാട്ടില്‍ ഉറക്കം. രാവിലെ തുടര്‍യാത്ര. നടത്തമേറെ ദൂരം താണ്ടിയിട്ടും എവിടെയുമെത്തുന്നില്ല. ചെറിയ കുന്നുകള്‍ കയറിയിറങ്ങുന്ന യാത്രയില്‍ മഴ കൂടെയുണ്ട്. ചുറ്റും കുന്നുകള്‍ മാത്രം.. കാഴ്ചയില്‍ മഴ മറ്റൊന്നും കൊണ്ടുവരുന്നില്ല.
 ഒടുവില്‍ ഫോറസ്റ്റ് വാച്ചര്‍മാര്‍ സമ്മതിച്ചു.
വഴിതെറ്റിയിരിക്കുന്നു.
പിന്നെ രണ്ടും കല്‍പ്പിച്ച് കുന്നു കയറിയിറങ്ങിയുള്ള അലക്ഷ്യമായ യാത്രയാണ് മഴക്കൊപ്പം. അട്ടകള്‍ രക്തം ഊറ്റിയെടുത്ത് കാല്‍പ്പാദങ്ങളില്‍ മല്‍സരം.. വിശപ്പില്‍ വയറു കത്തുന്നു. ഇടക്ക് മുന്‍പെപ്പോഴോ മൃഗവേട്ടക്കു വന്നവര്‍ ഇറച്ചി ഉണക്കിയെടുക്കാന്‍ അരുവിക്കരകളില്‍ കൂട്ടിയ ചെറുകുടിലുകള്‍ കാണാറായി. കഞ്ചാവു നടാന്‍ വെട്ടി തെളിച്ച പ്രദേശങ്ങള്‍...പലനിറത്തില്‍ പാമ്പുകള്‍ ചുവടുകള്‍ക്കുതാഴെ കുതറിയിഴയുന്നു. ഒടുവില്‍ വിദൂരതയില്‍ നിന്ന് ഒരു ബസിന്റെ ഹോണ്‍മുഴക്കം...ശബ്ദം കേട്ട ദിക്കു വെച്ചുപിടിച്ചുള്ള നടത്തം. കണ്ണുര്‍ കൊട്ടിയൂരിനടുത്തുള്ള അമ്പായത്തോടാണ് സ്ഥലമെന്നു തിരിച്ചറിഞ്ഞു... മഴക്കൊപ്പമുള്ള വനയാത്രകള്‍ വിനോദ് തുടരുകയാണ്... ഇപ്പോള്‍ വാണിമേല്‍ അസി. കൃഷി ഓഫീസറായിരിക്കുമ്പോഴും ഗവേഷണജീവിതം കൈവെടിഞ്ഞിട്ടില്ല.


                                                            ചുരമിറങ്ങിപ്പോയ മഴ


മഴ ഗൃഹാതുരകളേറെ മനസിലും പെയ്യിക്കും. നാടും കാടും ഇഴചേര്‍ന്ന വയനാട്ടില്‍ മഴക്കാലത്തിന്  വേറിട്ട ചില സവിശേഷതകളുണ്ടായിരുന്നുവെന്ന് കല്‍പ്പറ്റ നാരായണന്റെ ഓര്‍മ.  'അടത്തിടെ ചിറാപുഞ്ചി സന്ദര്‍ശിച്ചപ്പോഴാണ് വയനാട്ടിലെ പഴയ മഴക്കാലം ഓര്‍ത്തത്. എനിക്ക് അക്കാലത്തു നില്‍ക്കുന്ന പോലെ തോന്നി. പെയ്തുതോരാത്ത മഴക്കാലമുണ്ടായിരുന്നു വയനാടിന്.. ജൂണില്‍ തുടങ്ങി ഡിസംബര്‍ വരെ നീളുന്ന മഴ...സമസ്തവും അവസാനിക്കുകയാണെന്ന് തോന്നും വിധം  കനത്തു പെയ്യും.. മലകളില്‍ നിന്ന് ചെങ്കുത്തായ് വെള്ളം കുത്തിയൊഴുകും  മരങ്ങള്‍ എത്രയോ കടപുഴകും മണ്ണിടിയും... പുഴകള്‍ ദിശമാറിയൊഴുകും...വയനാടിന്റെ ഭൂപ്രകൃതി മഴയെ കുടുതല്‍ തീവ്രമാക്കി കാണിച്ചിരുന്നു. മലമ്പനി പോലത്തെ രോഗങ്ങള്‍ ഒരുപാട് മരണങ്ങള്‍ വിതച്ചിരുന്നു.  അതേ സമയം മനുഷ്യരും മൃഗങ്ങളും ഏറെ പിറന്നു വീഴുന്ന കാലവുമായിരുന്നു.

സൃഷ്ടിയുടെയും സംഹാരത്തിന്റെയും കാലം. മാറ്റങ്ങളുടെ  ഋതു. ഉള്ളവന്റെയും ഇല്ലാത്തവന്റെയുമെല്ലാം പുരകള്‍ പുല്ലുമേഞ്ഞതായിരുന്നു അന്ന്'. കാപ്പിവെള്ളം പോലെ മിഥുനമാസത്തില്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കും. കുട്ടികള്‍ ഉമ്മറത്തിരുന്ന് വെള്ളം കയറി മുറ്റം കടന്നെത്തുന്നതും നോക്കിയിരിക്കും. മൂഴികേറുക എന്നാണ് ഇതിനു വയനാട്ടിലെ വിളിപ്പേര്. താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകള്‍ വെള്ളത്തിലാവുമ്പോള്‍ അവര്‍ ഉയര്‍ന്ന വീടുകളില്‍ അഭയം തേടിയെത്തും.  ചതുപ്പുകളില്‍ ചളി നിറയും.  നടക്കുമ്പോള്‍ കാല്‍മുട്ടോളം ചളി പുതയും. കനത്തുപെയ്യുന്ന മഴയിലും കൃഷിപ്പണി മുടങ്ങില്ല. പാടങ്ങള്‍ സജീവമായി തന്നെയിരിക്കും. വൃശ്ചികം തുടങ്ങുമ്പോഴേക്ക് നീണ്ട മഴക്കാലം പതിയെ പിന്‍വാങ്ങും. മാനം തെളിയും. പാടങ്ങള്‍ കൊയ്ത്തിനൊരുങ്ങും. ആകെ തെളിഞ്ഞ കുളിരുള്ള അന്തരീക്ഷമാവും. ഒരു പക്ഷേ നീണ്ട വര്‍ഷകാലത്തിന്റെ ആധികളാവാം പിന്നെയുള്ള കാലത്തിന് കൂടുതല്‍ സുഖം തോന്നിച്ചത്.  മഴക്ക് വയനാട്ടില്‍ ഇന്ന് പഴയ പ്രതാപമില്ല. തുടര്‍മഴകള്‍ നിലച്ചു. പുല്‍പ്പള്ളി പോലുള്ള സ്ഥലങ്ങളില്‍ മഴപെയ്യാത്ത വര്‍ഷങ്ങള്‍ കടന്നു പോയി. പുഴകള്‍ പുഴകളായി തോന്നുന്നത് മഴക്കാലത്ത് മാത്രമായി...'


                                                        ഉള്‍ക്കടലിലെ പെയ്ത്ത്

photo: P B Biju Madhyamam


കരയില്‍ നിന്നിറങ്ങുമ്പോള്‍ തെളിഞ്ഞു കണ്ട മാനം കടലില്‍ മുഖം കറുപ്പിക്കുന്നത് പെട്ടെന്നായിരിക്കും.അഞ്ചങ്ങാടി കടപ്പുറത്തെ  റസാഖും കൂട്ടരും ലക്ഷണങ്ങളില്‍ നിന്ന് പെയ്യാന്‍ പോകുന്ന മഴയുടെ  ജാതകം ഗണിക്കും. കാറ്റിന്റെ ഉശിരു ചികയും. കരയിലേക്കോ മീന്‍ തേടി ഉള്‍ക്കടലിലേക്കോ യാത്രയെന്ന് തീരുമാനമാവും.  തെക്കുനിന്നാണ് കാറുപിടിച്ചുവരുന്നതെങ്കില്‍, കാറ്റു വീശിയെത്തുന്നതെങ്കില്‍ അപകടം മണക്കും. കടല്‍ പ്രക്ഷുബ്ധമാവുമെന്ന് ഉറപ്പ്. കടലില്‍ വെള്ളമൊഴുക്ക് ശക്തമാണെങ്കില്‍ മഴ കാര്യമായി പെയ്യില്ലെന്നാണ് കണക്ക്. അപായ സൂചനയില്ലെങ്കില്‍ മുന്നോട്ടു തന്നെ കുതിക്കും.

ചിലപ്പോള്‍ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് മഴയും കാറ്റും കടലുകുത്തിമറിക്കും. നിലയില്ലാതെ ഉലയുന്ന ബോട്ടില്‍ അവര്‍ പ്രാണനും മുറുകെപ്പിടിച്ചിരിക്കും.  കഴിഞ്ഞ സ്വാതന്ത്യ്രദിനത്തില്‍   റസാഖും സംഘവും സഹയാത്രികരുടെ ദുരന്തത്തിനു ഉള്‍ക്കടലില്‍ സാക്ഷികളായി. അപ്രതീക്ഷിതമായി മഴയും കാറ്റുമെത്തി. കടലു കലിതുള്ളി വഞ്ചികള്‍ തിരയില്‍ ചുഴറ്റിയെടുത്തു. കരക്ക് തിരിച്ചു ചെല്ലുമ്പോള്‍ പലരും കൂടെയില്ലായിരുന്നു.  മാനം കറുത്തു തുടങ്ങിയാല്‍  കടലാകെ ഇരുട്ടാവും. അടുത്ത വഞ്ചിക്കാരെ പോലും കാണാത്തത്ര ഇരുട്ട്.  ചിലപ്പോള്‍ തലക്കു മുകളിലൂടെ ഒരു മഴയെ കാറ്റ് അകലേക്ക് കൊണ്ടുപോകും. കിലോമീറ്ററുകള്‍ക്കകലെ മഴപെയ്യും. അകലത്തെ വഞ്ചിക്കാര്‍ മഴയില്‍ കുളിക്കുമ്പോള്‍ അവര്‍ക്ക് മുകളില്‍ ഒരു തുള്ളിപോലും പെയ്യുന്നുണ്ടാവില്ല.  കടലില്‍ പെയ്ത് പെയ്ത് മഴ കരയിലേക്ക് കയറും. അപ്പോള്‍ കടലിനു മീതെ മാനം തെളിയും. കടലില്‍ മീന്‍ കൂട്ടങ്ങള്‍ക്കു പിന്നാലെ അലയുമ്പോള്‍ മഴ കാഴ്ച മറച്ചു പെയ്യും. മീനുകളെ ഓളപ്പരപ്പില്‍ കാണാനാവാത്ത വിധം മഴ ഒളിപ്പിച്ചു കളയും. പിന്നെ മഴമാറിപ്പോവുന്നതുവരെ കാത്തിരിപ്പാണ്. മനസുതെളിയണമെങ്കില്‍ കരയിലേക്ക് കൊണ്ടുചെല്ലാന്‍ വലനിറയുക തന്നെ വേണം. കരയില്‍ കാത്തിരിക്കുന്ന കുടുംബങ്ങളുടെ വയറും നിറയണം. അറ്റമില്ലാത്ത കടല്‍പ്പരപ്പുകളില്‍ ജീവിതം പണയം വെച്ച് മഴയോടും കാറ്റിനോടും പകിടകളിക്കാതെ അവര്‍ക്കെന്ത് ജീവിതം.

                                                       തിരക്കഥയിലൊതുങ്ങാത്ത മഴ


മനുഷ്യന്റെ സര്‍വ്വഭാവങ്ങള്‍ക്കുമൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ മഴക്കു മാത്രമേ കഴിയൂ. സന്തോഷത്തിനൊപ്പം കുളിരുമായി മഴ കൂടെ നില്‍ക്കും. വിരഹം തീവ്രമാക്കാന്‍ മഴ മനസുവെച്ചാല്‍ മതി. പ്രണയത്തിന്റെ മധുരം തന്നെ മഴയാണ്. പുതിയ ജയറാം ചിത്രത്തിന്റെ ലൊക്കേഷന്‍ തേടിയുള്ള യാത്രയില്‍ സംവിധായകന്‍ കമല്‍ മഴയോര്‍മകളിലൂടെ...മഴയെ എന്നും ഏതെങ്കിലുമൊരു ഫ്രെയ്മില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. മഴ സിനിമയില്‍ കാണാനേറെ സുഖമാണെങ്കിലും ചിത്രീകരിക്കാന്‍ അത്ര സുഖമില്ല. യഥാര്‍ഥ മഴയില്‍ ചിത്രീകരണം ദുഷ്കരമാണ്. ക്യാമറയും കേബിളുകളും ലൈറ്റ്സിലുമെല്ലാം കേറി മഴപെയ്തു കളയും. ഏറിയും കുറഞ്ഞും ഇഷ്ടത്തിന് ആടി തിമിര്‍ക്കുന്ന മഴയില്‍ ഷൂട്ട് ചെയ്താല്‍ സീനിന്റെ തുടര്‍ച്ച(continuity)യും നഷ്ടമാവും. കൃത്രിമ മഴ തന്നെയാണ് ചിത്രീകരണത്തിന് അനുയോജ്യം. പെരുമഴക്കാലം പകര്‍ത്തുന്ന സമയത്തൊക്കെ പെരുമഴ പെയ്തു തിമിര്‍ക്കുന്നത് കണ്ട് ഷൂട്ടിങ് സംഘം ഇറയത്തിരിക്കുകയായിരുന്നു. മഴയൊന്നു തീര്‍ന്നു കിട്ടാനായിരുന്നു അന്ന് പ്രാര്‍ഥന. ഷൂട്ടിങ് ഇല്ലാതിരിക്കുന്ന സമയത്തും യാത്രകളിലും മഴ ഏറെ പ്രിയപ്പെട്ടതു തന്നെ. ഷൂട്ടിങ് തുടങ്ങിയാല്‍ ഇത്ര വെറുക്കുന്ന മറ്റൊന്നുമില്ല താനും.ചമ്പക്കുളം തച്ചന്‍ ചിത്രീകരിക്കുന്ന സമയത്തായിരുന്നു മഴയെ ഏറെ വെറുത്തത്. കുട്ടനാട്ടിലായിരുന്നു ഷൂട്ടിങ്. തോരാമഴയായിരുന്നു മിക്ക ദിവസങ്ങളിലും. കായലിലും കരയിലും മഴ മദിച്ചു പെയ്തുകൊണ്ടിരുന്നു. ഷൂട്ടിങ്ങ് മുന്നോട്ട് കൊണ്ടുപോവാന്‍ ഏറെ പ്രയാസപ്പെട്ടു. ഗ്രാമഫോണിലെ പൈക്കുറുമ്പിയെ മേയ്ക്കാന്‍ എന്ന പാട്ട് ചിത്രീകരിച്ചത് കര്‍ണാടകയിലെ ഹമ്പിയിലായിരുന്നു. ബെല്ലാരിയില്‍ നിന്ന് 200 കിലോമീറ്ററോളം ഉള്ളോട്ട് പോവണം. പഴയ വിജയ നഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള സ്ഥലം. വേനല്‍ കത്തിനില്‍ക്കുകയായിരുന്നു അവിടെ. ചിത്രീകരണത്തിനു പറ്റിയ അന്തരീക്ഷം. ലൊക്കേഷന്‍ തേടി പോയ കലാസംവിധായകന്‍ സുരേഷ് കൊല്ലം പറഞ്ഞു രണ്ടു വര്‍ഷത്തോളമായി മഴയെ കണികാണാനാവാതെ വരണ്ടു കിടക്കുന്ന സ്ഥലമാണെന്ന്. ഷൂട്ടിങ്ങിനു ചെന്നപ്പോള്‍ നാട്ടുകാരോട് മഴയുടെ കാര്യം തിരക്കി . മഴ കണ്ടിട്ടു കാലമേറെയായെന്ന് അവരെല്ലാം പറഞ്ഞു. ഷൂട്ടിങ്ങ് തുടങ്ങി. കനത്തവെയിലില്‍ എല്ലാവരും നന്നായി പ്രയാസപ്പെട്ടിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം മൂന്നു മണിയായപ്പോള്‍ ആകാശം കറുത്തു. നാലുമണിയോടെ പെരുമഴയെത്തി. മണിക്കൂറുകളോളം നീണ്ട മഴ. നാട്ടുകാര്‍ക്ക്  അത്ഭുതവും ആഹ്ലാദവും. ഏതു സ്ഥലത്തു ഷൂട്ടിനു ചെന്നാലും മഴ എന്നെ തേടിയെത്തും പോലെ തോന്നിയിട്ടുണ്ട്.
സ്വപ്നക്കൂടിലെ ഒരു ഗാനരംഗം വിയന്നയിലെ സാള്‍സ് ബര്‍ഗിലായിരുന്നു. സൌണ്ട് ഓഫ് മ്യുസിക് എന്ന സംഗീതചിത്രമൊക്കെ ഷൂട്ട് ചെയ്ത മനോഹരമായ പ്രദേശം. ചെന്നപ്പൊഴേ കാലാവസ്ഥാ റിപ്പോര്‍ട്ട് ഒക്കെ നോക്കി. അവിടെ കാലാവസ്ഥാ പ്രവചനം കൃത്യമായിരിക്കും. മേഘവിതാനം മഴസാധ്യത ഒക്കെ കൃത്യമായി അറിയിക്കും. മഴക്ക് യാതൊരു സാധ്യതയുമില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ചിത്രീകരണം തുടങ്ങി. ഉച്ചയോടെ സര്‍വ്വ കണക്കു കൂട്ടലും അസ്ഥാനത്താക്കി മഴ വരുക തന്നെ ചെയ്തു. ലോകത്തേതു കോണില്‍ ചെന്നു ഞാന്‍ ചിത്രീകരിച്ചാലും മഴ കൂടെ വരുമെന്ന് പിന്നീട് എല്ലാവരും പറയാന്‍ തുടങ്ങി. മഴക്കാലം വേര്‍പാടുകളുടെ കാലം കൂടിയാണ്. ഏറെപ്രിയപ്പെട്ടവര്‍ വിട്ടുപോയത് മഴ മൂടിക്കെട്ടിയ കാലങ്ങളിലാണ്. കുട്ടിക്കാലത്ത് ആദ്യ മരണം കാണുന്നതും മഴക്കാലത്താണ്. എളാപ്പയുടെ മയ്യത്തുയാത്ര പെരുമഴയിലായിരുന്നു. ഖബറിലെല്ലാം വെള്ളം നിറച്ച് മഴ പെയ്തുകൊണ്ടിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, ലോഹിതദാസ്, മുരളി, ഭരതന്‍ അങ്ങനെ ഒരുപാടു പ്രിയപ്പെട്ടവരെ മഴക്കാലമാണ് തിരികെക്കൊണ്ടുപോയത്.

എല്ലാ ഓര്‍മകള്‍ക്കും, വാക്കുകള്‍ക്കും, സ്വപ്നങ്ങള്‍ക്കും, ജീവിതങ്ങള്‍ക്കും മേലെ മഴ പിന്നെയും വന്നു പെയ്യുകയാണ്. ഇനിയും എത്ര പറയാനുണ്ട്  മഴയെക്കുറിച്ചിങ്ങനെ... സ്നേഹിച്ചും വെറുത്തും കാത്തിരുന്നും ശപിച്ചും....

നിധീഷ് നടേരി


 





No comments:

Post a Comment