Sunday, October 18, 2009


മഞ്ഞുരുക്കം: ആര്‍ട്ടിക് സമുദ്രത്തില്‍ ഇനി കപ്പലോടിക്കാം

ലണ്ടന്‍: വര്‍ഷം മുഴുവന്‍ മഞ്ഞു മൂടിക്കിടന്ന ഉത്തരാര്‍ധ ഗോളത്തിലെ ആര്‍ട്ടിക് സമുദ്രം രണ്ടു പതിറ്റാണ്ടിനകം മഞ്ഞുപാളികളില്ലാത്ത സമുദ്രമായി മാറുമെന്ന് പഠനം. വേനല്‍ക്കാലത്ത് മഞ്ഞുരുകി സാധാരണ സമുദ്രംപോലെ ആര്‍ട്ടിക് കാണപ്പെടുമെന്ന് കാറ്റ്ലിന്‍ ആര്‍ട്ടിക് സര്‍വേ എന്ന പഠനമാണ് വ്യക്തമാക്കിയത്. തുറന്ന സമുദ്രമാകുന്നതോടെ ഇത് ഗതാഗതത്തിനും യോഗ്യമാകും. 435 കിലോമീറ്റര്‍ ആര്‍ട്ടിക് മഞ്ഞുപാളികളിലൂടെ പര്യവേക്ഷണം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഭൂമിയുടെ വടക്കുഭാഗത്തുനിന്നും ഒരാവരണം എടുത്തുമാറ്റുംപോലെയാണിതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പീറ്റര്‍ വാധാംസ് പറഞ്ഞു. കാലാവസ്ഥക്കനുസരിച്ചുള്ള മഞ്ഞുപാളികളുടെ കനത്തിന്റെയും വ്യാപനത്തിന്റെയും വ്യതിയാനങ്ങള്‍, താപനിലയിലുണ്ടായ മാറ്റം, കാറ്റ്, ഐസ്ഘടന എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. 10 വര്‍ഷത്തിനുള്ളില്‍ തന്നെ വേനലില്‍ വലിയതോതില്‍ മഞ്ഞുപാളികള്‍ അപ്രത്യക്ഷമായി തുടങ്ങും. ഭൂമിയുടെ സ്ഥായിയായ സവിശേഷതകളിലൊന്നില്‍ സംഭവിക്കുന്ന ഈ മാറ്റം ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കും. സമുദ്രത്തിലെ നീരൊഴുക്കിന്റെ ഘടനയില്‍ മാറ്റം വരും. ആവാസവ്യവസ്ഥകളെയും ഇത് ദോഷകരമായി ബാധിക്കും

മനസ്സിലുള്ളത് വായിക്കാം (നെറ്റ് വഴി)

ലണ്ടന്‍: ആശയ വിനിമയത്തിന് ഇനി എഴുതണ്ട, ഫോണ്‍ വിളിക്കണ്ട, കീ ബോര്‍ഡില്‍ വിരലമര്‍ത്തണ്ട, മനസ്സു മനസ്സോട് ഇന്റര്‍നെറ്റു വഴി നേരിട്ടു സംവദിച്ചോളും. വിദൂരഭാവിയില്‍ മസ്തിഷ്കങ്ങള്‍ക്കിടയില്‍ നേരിട്ട് ആശയവിനിമയം സാധ്യമാക്കുന്ന 'ബ്രെയിന്‍ ടു ബ്രെയിന്‍' എന്ന പുതിയ സംവേദന സാധ്യത യാഥാര്‍ഥ്യമാവുന്നു. ബ്രിട്ടനിലെ സതാംപ്റ്റണ്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതിനുള്ള ആദ്യ ചുവടുവെപ്പ് വിജയകരമായി പരീക്ഷിച്ചത്.
മസ്തിഷ്ക തരംഗങ്ങള്‍ തലയില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ വഴി കമ്പ്യൂട്ടര്‍ സന്ദേശങ്ങളാക്കുന്ന ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫെയ്സിംഗ് (ബി.സി.ഐ) എന്ന സങ്കേതത്തിന്റെ പരിഷ്കരിച്ച രൂപമാണ് ഇത്. പരീക്ഷണത്തില്‍ ഒരാളുടെ തലയില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചു. അയാള്‍ വലതുകൈ ഉയര്‍ത്തുന്നതിനെപ്പറ്റി ചിന്തിച്ചപ്പോഴും ഇടതുകൈ ഉയര്‍ത്തുന്നതിനെപ്പറ്റി ചിന്തിച്ചപ്പോഴും ഉണ്ടായ വ്യത്യസ്ത മസ്തിഷ്ക തരംഗങ്ങളെ പൂജ്യം, ഒന്ന് എന്നീ കമ്പ്യൂട്ടര്‍ സന്ദേശങ്ങളാക്കി മാറ്റി ഈ സന്ദേശം ഇന്റര്‍നെറ്റു വഴി മറ്റൊരാളുടെ കമ്പ്യൂട്ടറിലേക്കയച്ചു.
ഈ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച എല്‍.ഇ.ഡി ബള്‍ബുകള്‍ സന്ദേശത്തിനനുസരിച്ച് രണ്ട് വ്യത്യസ്ത ആവൃത്തികളിലുള്ള പ്രകാശം പുറപ്പെടുവിച്ചു. ഇവയിലെ വ്യത്യാസം തിരിച്ചറിഞ്ഞ രണ്ടാമത്തെയാളിന്റെ മസ്തിഷ്കത്തിലുണ്ടായ തരംഗങ്ങള്‍ അപഗ്രഥിച്ച് പൂജ്യമോ ഒന്നോ എന്ന് അയാളുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടര്‍ വ്യക്തമാക്കി. 30 സെക്കന്റുകള്‍ക്കുള്ളിലാണ് ഈ സംവേദനം നടന്നത്. ഈ സങ്കേതംപരിഷ്കരിച്ചാല്‍ ചിന്തകള്‍ അപ്പാടെ കൈമാറാനായേക്കുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോക്ടര്‍ ക്രിസ്റ്റഫര്‍ ജയിംസ് പറയുന്നത്.

ഡാവിഞ്ചിയുടെ പുതിയ ചിത്രം

ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പുതിയ ചിത്രം കണ്ടെത്തി. 15ാം നൂറ്റാണ്ടിലെ മിലാനീസ് ശൈലിയിലുള്ള വസ്ത്രങ്ങളും കേശാലങ്കാരവുമായി നില്‍ക്കുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ നിന്ന് 500 വര്‍ഷം പഴക്കമുള്ള ഡാവിഞ്ചിയുടെ വിരലടയാളം തിരിച്ചറിഞ്ഞതോടെയാണ്, ചിത്രകാരന്‍ അദ്ദേഹമാണെന്ന നിഗമനത്തിലെത്തിയത്. ചിത്രത്തിലുള്ള നടുവിരലിന്റെയോ ചൂണ്ടുവിരലിന്റെയോ അഗ്രഭാഗത്തിന്റെ അടയാളത്തിന് വത്തിക്കാനിലുള്ള ഡാവിഞ്ചിയുടെ സെന്റ്ജറോം ചിത്രത്തിലെ വിരലടയാളവുമായി സാദൃശ്യമുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു.
ഇതുവരെ 19ാം നൂറ്റാണ്ടിലെ ജര്‍മന്‍ രചനയെന്ന് പരിഗണിക്കപ്പെട്ട ഈ ചിത്രം അവസാനം വില്‍പന നടത്തിയപ്പോള്‍ ഒമ്പതു ലക്ഷം രൂപക്കടുത്തു വിലയിട്ടിരുന്നു. അവസാനമായി കനഡക്കാരനായ പീറ്റര്‍ സില്‍വര്‍മാന്റെ കൈയിലാണ് ചിത്രമെത്തിയത്. മഷിയിലും ചോക്കിലും വരച്ച ചിത്രത്തിന്റെ ഫ്ലോറന്റൈന്‍ ശൈലി ശ്രദ്ധിച്ച ഇദ്ദേഹം ബ്രിട്ടീഷ് മ്യൂസിയത്തിലെ ഉദ്യോഗസ്ഥനായ നിക്കോളസ് ടര്‍ണറെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ചിത്രത്തിനു ജന്മം നല്‍കിയത് ഡാവിഞ്ചിയാണെന്ന് വിശദ പരിശോധനകളിലൂടെ നിഗമനത്തിലെത്തുന്നത്. പുതിയ വെളിപ്പെടുത്തല്‍ ചിത്രത്തിന്റെ വില 800 കോടിക്ക് മുകളിലേക്ക് ഉയര്‍ത്തുമെന്നാണ് കണക്കാക്കുന്നത്.1452^1508 കാലഘട്ടത്തില്‍ മിലാന്‍ ഡ്യൂക്കായിരുന്ന ലൂഡോവിക്കോ എസ്. ഫോര്‍ഡയുടെ മകള്‍ ബിയാങ്ക എസ്. ഫോര്‍ഡയാണ് ചിത്രത്തിലെ പെണ്‍കുട്ടിയെന്ന് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി കലാചരിത്ര വിദഗ്ധനായ ഡോക്ടര്‍ മാര്‍ട്ടിന്‍ കെമ്പ് അഭിപ്രായപ്പെട്ടു. ഡ്യൂക്കിന്റെ രണ്ട് പത്നിമാരുടെ ചിത്രങ്ങള്‍ ഡാവിഞ്ചിയുടെതായി നേരത്തേ കണ്ടെടുക്കപ്പെട്ടിരുന്നു.