Sunday, October 18, 2009


ഡാവിഞ്ചിയുടെ പുതിയ ചിത്രം

ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പുതിയ ചിത്രം കണ്ടെത്തി. 15ാം നൂറ്റാണ്ടിലെ മിലാനീസ് ശൈലിയിലുള്ള വസ്ത്രങ്ങളും കേശാലങ്കാരവുമായി നില്‍ക്കുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ നിന്ന് 500 വര്‍ഷം പഴക്കമുള്ള ഡാവിഞ്ചിയുടെ വിരലടയാളം തിരിച്ചറിഞ്ഞതോടെയാണ്, ചിത്രകാരന്‍ അദ്ദേഹമാണെന്ന നിഗമനത്തിലെത്തിയത്. ചിത്രത്തിലുള്ള നടുവിരലിന്റെയോ ചൂണ്ടുവിരലിന്റെയോ അഗ്രഭാഗത്തിന്റെ അടയാളത്തിന് വത്തിക്കാനിലുള്ള ഡാവിഞ്ചിയുടെ സെന്റ്ജറോം ചിത്രത്തിലെ വിരലടയാളവുമായി സാദൃശ്യമുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു.
ഇതുവരെ 19ാം നൂറ്റാണ്ടിലെ ജര്‍മന്‍ രചനയെന്ന് പരിഗണിക്കപ്പെട്ട ഈ ചിത്രം അവസാനം വില്‍പന നടത്തിയപ്പോള്‍ ഒമ്പതു ലക്ഷം രൂപക്കടുത്തു വിലയിട്ടിരുന്നു. അവസാനമായി കനഡക്കാരനായ പീറ്റര്‍ സില്‍വര്‍മാന്റെ കൈയിലാണ് ചിത്രമെത്തിയത്. മഷിയിലും ചോക്കിലും വരച്ച ചിത്രത്തിന്റെ ഫ്ലോറന്റൈന്‍ ശൈലി ശ്രദ്ധിച്ച ഇദ്ദേഹം ബ്രിട്ടീഷ് മ്യൂസിയത്തിലെ ഉദ്യോഗസ്ഥനായ നിക്കോളസ് ടര്‍ണറെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ചിത്രത്തിനു ജന്മം നല്‍കിയത് ഡാവിഞ്ചിയാണെന്ന് വിശദ പരിശോധനകളിലൂടെ നിഗമനത്തിലെത്തുന്നത്. പുതിയ വെളിപ്പെടുത്തല്‍ ചിത്രത്തിന്റെ വില 800 കോടിക്ക് മുകളിലേക്ക് ഉയര്‍ത്തുമെന്നാണ് കണക്കാക്കുന്നത്.1452^1508 കാലഘട്ടത്തില്‍ മിലാന്‍ ഡ്യൂക്കായിരുന്ന ലൂഡോവിക്കോ എസ്. ഫോര്‍ഡയുടെ മകള്‍ ബിയാങ്ക എസ്. ഫോര്‍ഡയാണ് ചിത്രത്തിലെ പെണ്‍കുട്ടിയെന്ന് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി കലാചരിത്ര വിദഗ്ധനായ ഡോക്ടര്‍ മാര്‍ട്ടിന്‍ കെമ്പ് അഭിപ്രായപ്പെട്ടു. ഡ്യൂക്കിന്റെ രണ്ട് പത്നിമാരുടെ ചിത്രങ്ങള്‍ ഡാവിഞ്ചിയുടെതായി നേരത്തേ കണ്ടെടുക്കപ്പെട്ടിരുന്നു.

No comments:

Post a Comment