Monday, November 23, 2009



ഈ മുതലകളുടെ പ്രിയഭക്ഷണം ദിനോസര്‍




ലണ്ടന്‍: ദിനോസറുകളെ കൊന്നു കഴിഞ്ഞ ഭീമന്‍ മുതലകളുടെ ഫോസില്‍ കണ്ടെത്തി. 10 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് വടക്കേ അമേരിക്കയിലെ പുഴകളില്‍ നീന്തിയും കരയിലൂടെ കുതിച്ചുചാടിയും കഴിഞ്ഞ മൂന്നു പുതിയ വര്‍ഗം മുതലകളെയാണ് കണ്ടെത്തിയത്. ന്യൂ മൊറോക്കോയിലും നൈഗറിലും സഹാറാ മരുപ്രദേശങ്ങളിലും നടത്തിയ ഖനന പരമ്പരകളിലാണ് ഫോസിലുകള്‍ കണ്ടെത്തിയത്.



ഇവ സമര്‍ഥരായ നീന്തല്‍ക്കാരായിരുന്നുവെന്ന് എല്ലുകളുടെ ഘടനയില്‍നിന്ന് വ്യക്തമായതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു. സമതലപ്രദേശങ്ങളിലൂടെ കുതിച്ചുചാടാനുള്ള ശേഷി ഇവക്കുണ്ടായിരുന്നു. 6.5 മീറ്റര്‍ നീളവുമുള്ള കപ്രാസാക്കസ് സഹാരിക്കസ് എന്ന വര്‍ഗത്തിന് കഠാരപോലുള്ള മൂന്നു വലിയ കൊമ്പുകളും ഇരപിടിക്കാനുള്ള തുമ്പിക്കൈക്ക് സമാനമായ അവയവവും ഉണ്ടായിരുന്നതായി പഠനം വ്യക്തമാക്കുന്നു.



ലഗാനോസക്കസ് തുമാ സ്റ്റോസ് എന്ന വര്‍ഗത്തിനും അതേ നീളമുണ്ട്. പരന്ന തലയുള്ള ഇവ വായ തുറന്നുവെച്ച് പുഴയില്‍ മുങ്ങിക്കിടന്ന് ഇരപിടിച്ചിരുന്നു.

അരാരി പെസക്കസ് രാട്ടോയിഡ്സ് എന്ന മൂന്നാമത്തെ ഇനത്തിന് ഒരു മീറ്റര്‍ നീളമേയുള്ളൂ. കീഴ്ത്താടിയിലെ വലിയ പല്ലുകള്‍ ഉപയോഗിച്ച് ഇവ ഇരക്കായി കുഴി തീര്‍ക്കുമായിരുന്നു. കരയില്‍ നിവര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്ന ഉറച്ച കാലുകളും വെള്ളത്തില്‍ തുഴയാന്‍ ശേഷിയുള്ള വലിയ വാലുമുള്ളവയായിരുന്നു ഈ മുതലകളെന്ന് ഷിക്കാഗോ യൂനിവേഴ്സിറ്റിയിലെ പോള്‍ സെറിനോ വ്യക്തമാക്കി.



കണികാപരീക്ഷണം പുനരാരംഭിച്ചു


ജനീവ: ലോകത്തെ ഏറ്റവും വലിയ കണികാത്വരകമായ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പ്രവര്‍ത്തനക്ഷമമായി. പ്രപഞ്ചോല്‍പത്തിക്കു കാരണമായ ബിഗ് ബാങ് സ്ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ആരായാനുള്ള ഈ ഉദ്യമം യന്ത്രത്തകരാര്‍ മൂലം ഒരുവര്‍ഷമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പരീക്ഷണമാരംഭിച്ച് ഒമ്പതുദിവസങ്ങള്‍ക്കകം കൊളൈഡറിലെ വലിയ അതിചാലക കാന്തങ്ങള്‍ക്കിടയിലെ വൈദ്യുത സര്‍ക്യൂട്ടിലുണ്ടായ തകരാറുമൂലം പരീക്ഷണം തുടരാന്‍ കഴിഞ്ഞിരുന്നില്ല.

ഒരുവര്‍ഷത്തെ പ്രയത്നത്തിനുശേഷമാണ് പത്ത് ബില്യണ്‍ ഡോളറിന്റെ (46,630 കോടി രൂപ) പദ്ധതി പുനരാരംഭിച്ചത്. ഫ്രഞ്ച്^സ്വിറ്റ്സര്‍ലന്റ് അതിര്‍ത്തിയില്‍ 100 മീറ്റര്‍ താഴ്ചയില്‍ 27 കിലോമീറ്ററോളം വൃത്താകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ടണലിനുള്ളിലാണ് പരീക്ഷണം നടക്കുന്നത്. പ്രോട്ടോണ്‍ കണികകളുടെ കൂട്ടങ്ങളെ പ്രകാശത്തിനോടടുത്ത വേഗതയില്‍ വിപരീത ദിശകളില്‍ ടണലിലൂടെ പ്രവഹിപ്പിക്കും. ഇവ കൂട്ടിമുട്ടുമ്പോഴുണ്ടാവുന്ന ഭീമമായ ഊര്‍ജപ്രവാഹത്തെ ടണലില്‍ പലയിടങ്ങളിലായി സ്ഥാപിച്ച ഡിറ്റക്റ്ററുകള്‍ പരിശോധിക്കും.

ഇതില്‍നിന്ന് ശാസ്ത്രകാരന്‍മാര്‍ പ്രവചിച്ച ദൈവകണമെന്ന ഹിഗ്സ് ബോസോണ്‍ കണികയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാവും. തകരാര്‍ പരിഹരിച്ചശേഷം വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രോട്ടോണ്‍ പ്രവാഹം വിജയകരമായി പുനരാരംഭിക്കാന്‍ കഴിഞ്ഞതായി ഗവേഷകര്‍ അറിയിച്ചു.


വര്‍ഷങ്ങള്‍ക്കുശേഷം ഗലീലിയോയുടെ വിരലുകള്‍ കണ്ടെത്തി


ലണ്ടന്‍: മഹാനായ ശാസ്ത്രകാരന്‍ ഗലീലിയോ ഗലീലിയുടെ മൃതദേഹത്തില്‍നിന്ന് ആരാധകര്‍ മുറിച്ചുമാറ്റിയ വിരലുകളും പല്ലും കണ്ടെത്തി. ഇറ്റലിയിലെ ഫേ്‌ളാറന്‍സ് ശാസ്ത്രചരിത്ര മ്യൂസിയം അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മരിച്ച് 95 വര്‍ഷത്തിനുശേഷം മൃതദേഹം സാന്റാക്രോസ് ബസിലിക്കയിലെ ശവകുടീരത്തിലേക്ക് മാറ്റിയപ്പോള്‍ ആരാധകര്‍ മൂന്നു വിരലുകളും നട്ടെല്ലും പല്ലും കൈവശപ്പെടുത്തിയിരുന്നു. അതില്‍ ഒരു വിരലും നട്ടെല്ലും പിന്നീട് കണ്ടെത്തി. ഇവ ഫേ്‌ളാറന്‍സ് മ്യൂസിയത്തിലും ഗലീലിയോ അധ്യാപകനായി പ്രവര്‍ത്തിച്ച പഡുവ യൂനിവേഴ്‌സിറ്റിയിലുമുണ്ട്. മറ്റുരണ്ട് വിരലുകളും പല്ലും എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതാണ് ഇപ്പോള്‍ കണ്ടെത്തിയത്. മ്യൂസിയം ഡയറക്ടര്‍ പൗലോ ഗല്ലൂസി പറഞ്ഞു. ഇപ്പോള്‍ കണ്ടെത്തിയ പെരുവിരലും നടുവിരലും പല്ലും കാലങ്ങളായി ഒരു ആരാധകന്റെ കുടുംബം കൈമാറിവരികയായിരുന്നു. പിന്നീടുവന്ന തലമുറക്ക് അതിന്റെ പ്രാധാന്യം തിരിച്ചറിയാനാവാതെ അവ വില്‍ക്കുകയായിരുന്നു. ഈയിടെ ഒരു ലേലത്തില്‍ ഇവ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇവ സ്വന്തമാക്കിയ സ്വകാര്യ വ്യക്തി മ്യൂസിയം അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് അത് മുമ്പ് കൈവശംവെച്ച കുടുംബക്കാരുടെ രേഖകള്‍ പരിശോധിച്ച് ഗലീലിയോയുടെ വിരലുകളാണെന്ന് ഉറപ്പാക്കുകയായിരുന്നു.