Monday, November 23, 2009



കണികാപരീക്ഷണം പുനരാരംഭിച്ചു


ജനീവ: ലോകത്തെ ഏറ്റവും വലിയ കണികാത്വരകമായ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പ്രവര്‍ത്തനക്ഷമമായി. പ്രപഞ്ചോല്‍പത്തിക്കു കാരണമായ ബിഗ് ബാങ് സ്ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ആരായാനുള്ള ഈ ഉദ്യമം യന്ത്രത്തകരാര്‍ മൂലം ഒരുവര്‍ഷമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പരീക്ഷണമാരംഭിച്ച് ഒമ്പതുദിവസങ്ങള്‍ക്കകം കൊളൈഡറിലെ വലിയ അതിചാലക കാന്തങ്ങള്‍ക്കിടയിലെ വൈദ്യുത സര്‍ക്യൂട്ടിലുണ്ടായ തകരാറുമൂലം പരീക്ഷണം തുടരാന്‍ കഴിഞ്ഞിരുന്നില്ല.

ഒരുവര്‍ഷത്തെ പ്രയത്നത്തിനുശേഷമാണ് പത്ത് ബില്യണ്‍ ഡോളറിന്റെ (46,630 കോടി രൂപ) പദ്ധതി പുനരാരംഭിച്ചത്. ഫ്രഞ്ച്^സ്വിറ്റ്സര്‍ലന്റ് അതിര്‍ത്തിയില്‍ 100 മീറ്റര്‍ താഴ്ചയില്‍ 27 കിലോമീറ്ററോളം വൃത്താകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ടണലിനുള്ളിലാണ് പരീക്ഷണം നടക്കുന്നത്. പ്രോട്ടോണ്‍ കണികകളുടെ കൂട്ടങ്ങളെ പ്രകാശത്തിനോടടുത്ത വേഗതയില്‍ വിപരീത ദിശകളില്‍ ടണലിലൂടെ പ്രവഹിപ്പിക്കും. ഇവ കൂട്ടിമുട്ടുമ്പോഴുണ്ടാവുന്ന ഭീമമായ ഊര്‍ജപ്രവാഹത്തെ ടണലില്‍ പലയിടങ്ങളിലായി സ്ഥാപിച്ച ഡിറ്റക്റ്ററുകള്‍ പരിശോധിക്കും.

ഇതില്‍നിന്ന് ശാസ്ത്രകാരന്‍മാര്‍ പ്രവചിച്ച ദൈവകണമെന്ന ഹിഗ്സ് ബോസോണ്‍ കണികയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാവും. തകരാര്‍ പരിഹരിച്ചശേഷം വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രോട്ടോണ്‍ പ്രവാഹം വിജയകരമായി പുനരാരംഭിക്കാന്‍ കഴിഞ്ഞതായി ഗവേഷകര്‍ അറിയിച്ചു.

No comments:

Post a Comment