Saturday, May 22, 2010

കൃത്രിമജീവകോശം;
സാധ്യതകള്‍ ആശങ്കകള്‍


സാധ്യതകളുടെയും ആശങ്കകളുടെയും ജാലകമാണ് അമേരിക്കയിലെ ജെ.ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നിട്ടിരിക്കുന്നത്. മനുഷ്യനിര്‍മ്മിത ജനിതകഘടന ഒരു ജീവകോശത്തില്‍ സ്ഥാപിച്ച് പുതിയൊരു ജീവിയെ സൃഷ്ടിക്കാന്‍ കഴിയുമെന്ന വെളിപ്പെടുത്തല്‍ ലോകം ആശ്ചര്യത്തോടെയാണ് ഉള്‍ക്കൊണ്ടത്. ക്രെയ്ഗ് വെന്റര്‍ എന്ന വിയററ്നാം ജനിതകശാസ്ത്രകാരന്‍ 15 വര്‍ഷത്തോളമായി കാത്തുവെച്ച സ്വപ്നമായിരുന്നു ഒരു ജനിതകഘടന പുനര്‍സൃഷ്ടിച്ച് കൃത്രിമജീവകോശത്തിന് രൂപം നല്‍കുകയെന്നത്.മനുഷ്യനിര്‍മ്മിത ഡി എന്‍ എ നയിക്കുന്ന ജീവന്‍ പരീക്ഷണശാലയില്‍ തയാറായെന്ന് ലോകത്തെ അറിയിക്കുമ്പോള്‍ ക്രെയ്ഗിനും കൂട്ടര്‍ക്കും സ്വപ്നസാക്ഷാത്കാരമായിരുന്നു. കൂടുവിട്ട് കൂടുമാറുന്നത് പോലെ എം.മൈകോയ്ഡ് എന്ന ബാക്ടീരിയയുടെ പുനര്‍ നിര്‍മിച്ച ഡി എന്‍ എ ഘടന എം കാപ്രിക്കോളം എന്ന ബാക്ടീരിയയില്‍ ചേര്‍ത്ത് അതിനെ അടിമുടി പുതിയ ജീവിയാക്കി മാറ്റുകയാണ് ഗവേഷകര്‍ ചെയ്തത്. എം മൈകോയ്ഡിന്റെ സ്വഭാവസവിശേഷതകളുള്ള കൃത്രിമകോശം അങ്ങനെ പിറവിയെടുത്തു. മനുഷ്യന്‍ നിശ്ചയിച്ച ജനിതകസന്ദേശങ്ങളുമായി പുതിയ ജീവകോശങ്ങള്‍ സാധ്യമാണെന്ന തിരിച്ചറിവ് ജൈവശാസ്ത്രലോകത്തിന് പുതുയുഗമാണ് സമ്മാനിക്കാന്‍ പോകുന്നതെന്ന് ശാസ്ത്രകാരന്‍മാര്‍ പ്രവചിക്കുന്നു. സ്വഭാവം എന്തായിരിക്കണമെന്ന് നമുക്ക് നിശ്ചയിക്കാന്‍ കഴിയുന്ന സൂഷ്മജീവികള്‍ പിറവിയെടുക്കുന്നതോടെ പല മേഖലകളിലും പ്രവചനാതീതമായ മാറ്റങ്ങള്‍ ഉണ്ടാവും. പുതിയ സൂഷ്മജീവികളെ സൃഷ്ടിക്കാനുള്ള വെന്ററിന്റെ ശ്രമം തീര്‍ത്തും സാമ്പത്തിക ലക്ഷ്യം മാത്രം മുന്‍നിറുത്തിയാണെന്ന് വിമര്‍ശകര്‍ മുറുമുറുക്കുന്നുണ്ട്.കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത് ഇന്ധനമായി മാറ്റാന്‍ കഴിയുന്ന ആല്‍ഗകളെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് വെന്ററും സംഘവും ഇപ്പോള്‍ മുഴുകിയിരിക്കുന്നത്. എക്േസാണ്‍ മൊബൈല്‍ എന്ന ഓയില്‍ കമ്പനിയുമായി ഇതിന് കരാറായി കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഊഹങ്ങള്‍ക്കപ്പുറത്തെ ഡോളര്‍ ചെലവഴിച്ചുള്ള ഗവേഷണമാണ് പുരോഗമിക്കുന്നത്. നമുക്കിഷ്ടമുള്ളത് കൂട്ടിച്ചേര്‍ത്തും ഇഷ്ടമില്ലാത്തത് ഒഴിവാക്കിയും  ജനിതകഘടനയെ പുനര്‍നിര്‍മ്മിച്ച് വ്യാവസായിക പ്രാധാന്യമുള്ള സൂഷ്മജീവികളെ സൃഷ്ടിക്കാനാവുമെന്നത് സിദ്ധാന്തം മാത്രമായിരുന്നു ഇന്നലെവരെ. ഈ പരീക്ഷണത്തോടെ അത് പ്രയോഗ തലത്തിലെത്തുന്നു^ക്രെയ്ഗ് പറയുന്നു.പുതിയ ഡി എന്‍ എ സോഫ്റ്റ്വെയര്‍ മാറ്റിവെക്കുന്നതോടെ കോശം അതിനെ കൃത്യമായി അപഗ്രഥിക്കാന്‍ തുടങ്ങുന്നു.പിന്നീട് തീര്‍ത്തും പുതിയ ഒരുപറ്റം  പ്രോട്ടീന്‍ ശൃംഖലക്ക് രൂപം നല്‍കാന്‍ തുടങ്ങുന്നു.കുറച്ചുസമയത്തിനകം നേരത്തെ ആ കോശത്തിനുണ്ടായിരുന്ന എല്ലാ സ്വഭാവസവിശേഷതകളം അപ്രത്യക്ഷമാവുന്നു. അത് പുതിയ ജൈവരൂപമായി പരിണമിക്കുന്നു.ഇത് അത്ഭുതകരമായിരുന്നു.^ക്രെയ്ഗ് വിശദമാക്കുന്നു.
അതേ സമയം ആശങ്കകളും പരക്കുന്നുണ്ട്. പുതിയ പ്രവണത വലിയ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രകൃത്യാലല്ലാതെ പരിണമിക്കുന്ന ജൈവരൂപങ്ങള്‍ ലോകത്തിനു ചേരില്ലെന്നും വാദമുണ്ട്. ആക്രമണകാരികള്‍ക്ക് ജൈവായുധങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഇത് വഴിതെളിക്കുമെന്നും  ആശങ്കയുണ്ട്. പരീക്ഷണശാലകളില്‍ നിന്ന് കൃത്രിമജീവികള്‍ പുറത്തെത്താതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്ന് വെന്റര്‍ പറയുന്നു. തീര്‍ച്ചയായും സമ്മിശ്ര ഫലങ്ങള്‍ ഉളവാക്കുന്ന സാങ്കേതിക വിദ്യ തന്നെയാണ്  ഇത്. ഉപയോഗിക്കുന്നവര്‍ ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നതാണ് ഇക്കാര്യത്തില്‍ പരമ പ്രധാനം ^അദ്ദേഹം പറയുന്നു. പുതിയ മരുന്നുകള്‍ രൂപപ്പെടുത്തുന്നതിലും കുത്തിവെപ്പുകള്‍ വികസിപ്പിക്കുന്നതിലും ഈ സങ്കേതം ഉപയോഗപ്പെടും. മലിനജലം ശുദ്ധീകരിക്കുന്ന സൂഷ്മജീവികളെ രൂപപ്പെടുത്തുവാനും കഴിഞ്ഞേക്കും. ഹാനികരമായ രാസവസ്തുക്കളെ ഭക്ഷിച്ച് ജലം ശുദ്ധീകരിക്കാന്‍ കഴിയുന്ന ജീവികളെ സൃഷ്ടിക്കാന്‍ ഈ സങ്കേതം ഇനിയും വികസിക്കേണ്ടതുണ്ട്. ശാസ്ത്രഭാവനകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന  പുതുയുഗത്തിലേക്കാണ് നാം പ്രവേശിക്കുന്നതെന്ന് വെന്റര്‍ പറയുന്നു.

No comments:

Post a Comment