Wednesday, February 10, 2010

ശനിയുടെ 'ചന്ദ്രനില്‍' ജീവനു സാധ്യത


ലണ്ടന്‍: ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ ജീവന് സാധ്യതയെന്ന് ശാസ്ത്രകാരന്മാരുടെ വെളിപ്പെടുത്തല്‍ തണുത്തുറഞ്ഞ ഈ ഉപഗ്രഹത്തില്‍ ജലശേഖരമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ നാസയിലെ ഗവേഷകര്‍ക്ക് ലഭിച്ചു.

ഉപഗ്രഹത്തിലെ ഐസ് പര്‍വതങ്ങള്‍ പുറപ്പെടുവിക്കുന്ന ഹിമ ധൂമങ്ങള്‍ പഠനവിധേയമാക്കിയ കാസിനി പേടകമാണ് എന്‍സെലാഡസില്‍ നെഗറ്റീവ് ചാര്‍ജുള്ള ജല തന്മാത്രകളുണ്ടെന്ന് കണ്ടെത്തിയത്. സാധാരണയായി നിരന്തരം ചലനാത്മകമായ ജലത്തിലാണ് നെഗറ്റീവ് ചാര്‍ജുള്ള തന്മാത്രകള്‍ ദുര്‍ബലമായെങ്കിലും ഉണ്ടാവുക. എന്‍സെലാഡസില്‍ ഈ തന്മാത്രയുടെ സാന്നിധ്യം ഒഴുകുന്ന ജലസ്രോതസ്സിലേക്ക് വിരല്‍ ചൂണ്ടുന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഉപഗ്രഹത്തില്‍ ജലസാന്നിധ്യം ഉറപ്പിക്കാനായാല്‍ ജീവന്‍ നിലനില്‍ക്കാനുള്ള അനുയോജ്യ സാഹചര്യമായി ഇതിനെ കണക്കാക്കാമെന്ന് ശാസ്ത്രകാരന്മാര്‍ കരുതുന്നു.
എന്‍സെലാഡസിന്റെ ഹിമ ധൂമത്തില്‍ സോഡിയത്തിന്റെ സാന്നിധ്യവും നേരത്തെ കാസിനി കണ്ടെത്തിയിരുന്നു. പാറകളിലും മറ്റും നിരന്തരം ജലസമ്പര്‍ക്കമുണ്ടാവുമ്പോഴാണ് സോഡിയത്തിന്റേതടക്കമുള്ള ലവണങ്ങള്‍ ജലത്തില്‍ ലയിക്കുന്നത്. തെളിവുകളെല്ലാം ജലസാന്നിധ്യവും അതുവഴി ജീവനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

No comments:

Post a Comment