Sunday, February 21, 2010

വരുന്നു വാട്ടര്‍ ചോക്കലേറ്റ്


ലണ്ടന്‍: 60 ശതമാനത്തോളം വെള്ളം; രുചി സാധാരണ ചോക്കലേറ്റിന് സമാനവും. വാട്ടര്‍ ചോക്കലേറ്റ് എന്ന പേരില്‍ ബ്രിട്ടനിലെ ബിര്‍മിംഹാം യൂനിവേഴ്സിറ്റി ഗവേഷകരാണ് കൊഴുപ്പില്ലാത്ത പുതിയ ചോക്കലേറ്റിന് രൂപം നല്‍കിയത്. ചോക്കലേറ്റ് നിര്‍മിക്കുന്ന കോക്കോപ ബട്ലര്‍ ക്രിസ്റ്റലുമായി ജല തന്മാത്രകള്‍ ഇണക്കി ചേര്‍ത്താണ് ഇത് നിര്‍മിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അമിതമായി കൊഴുപ്പടങ്ങിയ ചോക്കലേറ്റ് തീറ്റി മൂലം ബ്രിട്ടനിലെ 17 ശതമാനം കുട്ടികളും പൊണ്ണത്തടിയന്മാരാവുന്ന പ്രവണതയെ ചെറുക്കാനുള്ള നടപടിയിലൊന്നാണ് ഈ സംരംഭമെന്ന് ഗവേഷകര്‍ പറയുന്നു. ചോക്കലേറ്റില്‍ കൊഴുപ്പ് തന്മാത്രകള്‍ക്കുള്ള സ്ഥാനമാണ് നിരുപദ്രവകാരിയായ ജലത്തിന് ഇവര്‍ നല്‍കിയത്.

കൊഴുപ്പുരഹിതമായതോടെ ഇത് ആരോഗ്യകരമായ ഭക്ഷണവുമായി. 32^34 ഡിഗ്രി സെല്‍ഷ്യസില്‍ ഈ ചോക്കലേറ്റ് ഉരുകാന്‍ തുടങ്ങുമെന്ന് ഗവേഷകര്‍ പറയുന്നു.

ഭൌതിക ഗുണങ്ങളിലും ആകൃതിയിലും എണ്ണ തന്മാത്രകളെപ്പോലുള്ള സ്ഥിരത കൂടിയ വായു കണികകളെ ഉപയോഗിച്ച് ഇതേ രീതിയില്‍ കൊഴുപ്പുരഹിത ഭക്ഷണ പദാര്‍ഥങ്ങള്‍ സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണിവര്‍.

അഞ്ചോ ആറോ മണിക്കൂര്‍ വിശപ്പിനെ തടഞ്ഞുനിറുത്തുന്ന പ്രത്യേക കഞ്ഞിയും ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്.

ആമാശയത്തിലെ അമ്ലവുമായി ചേരുമ്പോള്‍ ജെല്‍ രൂപത്തിലാവുന്ന പ്രത്യേക ദ്രാവകമാണ് ഇതിലടങ്ങിയിരിക്കുന്നത്. ആമാശയത്തില്‍ ഇവ മണിക്കൂറുകളോളം നിലനില്‍ക്കുന്നതിനാല്‍ വിശപ്പുണ്ടാകില്ല.

ബ്രിട്ടനിലെ നാലിലൊരാള്‍ അമിത വണ്ണത്തിന്റെ ദുരിതമനുഭവിക്കുന്നുവെന്ന യാഥാര്‍ഥ്യമാണ് ശാസ്ത്രകാരന്മാരെ പുതുവഴികളില്‍ നടത്തുന്നത്.

No comments:

Post a Comment