Wednesday, February 17, 2010

നായ്ക്കള്‍ സൂക്ഷിക്കുക ; പോസ്റ്റ്മാന്‍ വരുന്നു


ലണ്ടന്‍: ബ്രിട്ടനിലെ പോസ്റ്റ്മാന്മാര്‍ ഇനി നാടു ചുറ്റുക, വളര്‍ത്തു നായ്ക്കളെ പേടിപ്പിക്കുന്ന പ്രത്യേക ഉപകരണവുമായി.

പ്രത്യേക രീതിയില്‍ ചീറ്റല്‍ ശബ്ദത്തോടെ സമ്മര്‍ദിത വായു പുറന്തള്ളുന്ന ഈ ഉപകരണം പ്രവര്‍ത്തിപ്പിച്ചാല്‍ കടിക്കാന്‍ വരുന്ന നായ പേടിച്ചോടുമെന്നാണ് റോയല്‍ മെയ്ല്‍ ഉദ്യോഗസ്ഥരുടെ വാദം. തങ്ങളുടെ പോസ്റ്റ്മാന്മാര്‍ക്ക് വീടുകളില്‍ നിന്ന് നിരന്തരം വളര്‍ത്തു നായ ആക്രമണം നേരിടേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ ഉപകരണം വികസിപ്പിച്ചത്. പോസ്റ്റ്മാന്മാര്‍ക്കെതിരായ ആക്രമണം കഴിഞ്ഞവര്‍ഷം 20 ശതമാനം വര്‍ധിച്ചതാണ് റോയല്‍ മെയ്ല്‍ അധികൃതരെ ഉണര്‍ത്തിയത്. ഉപകരണത്തോടൊപ്പം നായ്ക്കളെ നേരിടാന്‍ ഉപദേശ സംഹിതയുമുണ്ട് ജീവനക്കാര്‍ക്ക്.

ഉപദ്രവിക്കാതെ ഒതുങ്ങിക്കൂടുന്ന സാധു നായ്ക്കളെ വെറുതെ പേടിപ്പിക്കാന്‍ നോക്കരുത്. ഒരു പക്ഷേ, അതിന്റെ പേരിലാവും കടിയേല്‍ക്കേണ്ടി വരികയെന്നാണ് മുന്നറിയിപ്പ്. നായ്ക്കളെ തുറിച്ചു നോക്കരുതെന്നും നിര്‍ദേശമുണ്ട്. പല പോസ്റ്റ്മാന്മാരുടെ കൈയിലും നേരത്തേ മറ്റൊരു ഉപകരണം നായ്ക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഉണ്ടായിരുന്നു. വാതകപ്പുക പുറപ്പെടുവിക്കുന്ന ഈ ഉപകരണം 20 മിനിറ്റോളം ആക്രമണകാരിയായ നായക്ക് സ്ഥലജല വിഭ്രമം സൃഷ്ടിക്കും. ആക്രമണത്തിനൊരുങ്ങുന്ന നായയെ ഞെട്ടിച്ച് നിറുത്താന്‍ പുതിയ ഉപകരണത്തിനാവുമെന്ന് റോയല്‍ മെയില്‍ വക്താവ് പറഞ്ഞു.



Email this Story

No comments:

Post a Comment