Friday, February 19, 2010

പറക്കുംതളിക: പുതിയ റിപ്പോര്‍ട്ട് പുറത്ത്


ലണ്ടന്‍: ആകാശത്തെ അജ്ഞാത വാഹനങ്ങളായി കണക്കാക്കുന്ന പറക്കുംതളികകളെക്കുറിച്ച് സ്കോട്ട്ലന്‍ഡിലെ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കി. സ്കോട്ട്ലന്‍ഡില്‍ പലയിടങ്ങളിലായി പറക്കുംതളികകളെ കണ്ടെത്തിയെന്ന് നിരവധി പേരുടെ സാക്ഷി മൊഴികളാണ് റിപ്പോര്‍ട്ടില്‍. വിമാനത്താവളത്തിലെ റഡാറിലൂടെ അതിവേഗത്തില്‍ പറക്കുന്ന പറക്കുംതളികയെ കണ്ടതായി പ്രെഡ്ട്വിക്ക് വിമാനത്താവളത്തിലെ മുതിര്‍ന്ന ട്രാഫിക് നിയന്ത്രകന്റെ സാക്ഷിമൊഴി ഇതില്‍ പെടുന്നു.

പരന്ന തിളക്കമുള്ള അജ്ഞാത ആകാശവാഹനത്തെ കണ്ടതായി സ്കോട്ടിഷ് മല്‍സ്യത്തൊഴിലാളികളുടെ സാക്ഷ്യവുമുണ്ട്. അജ്ഞാത പറക്കുംവാഹനങ്ങളെ മുഖാമുഖം കണ്ടെന്ന ആയിരക്കണക്കിന് റിപ്പോര്‍ട്ടുകളാണ് പ്രതിരോധ മന്ത്രാലയം പരിശോധിച്ചത്.

പ്രെഡ്ട്വിക്ക് വിമാനത്താവളത്തിലെ സംഭവത്തിനുശേഷം ഫാല്‍കിര്‍ക്കിലെ ബോണി ബ്രിഡ്ജ് ട്രയാംഗിള്‍ എന്ന പ്രത്യേക സ്ഥലത്ത് അജ്ഞാത ആകാശവാഹനത്തെ കണ്ടതായി 600 സാക്ഷിമൊഴികളുമായി ഒരു കൌണ്‍സിലര്‍ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിന് നല്‍കിയ നിവേദനവും റിപ്പോര്‍ട്ടിലുണ്ട്. പറക്കുംതളിക ദര്‍ശനത്തിന് പറ്റിയ സ്ഥലമെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. കാര്യം ഗൌരവമായി അന്വേഷിക്കണമെന്നായിരുന്നു നിവേദനം.

വ്യോമ പ്രതിരോധ ഉദ്യോഗസ്ഥര്‍ ബ്രിട്ടനിലെ നിരവധി വിമാനത്താവളത്തിലെ റഡാര്‍ ടേപ്പുകളെല്ലാം പരിശോധനക്ക് വിധേയമാക്കിയിരുന്നു. പക്ഷേ, കൂടുതല്‍ സമാന സംഭവങ്ങള്‍ കണ്ടെത്താനായില്ല. അജ്ഞാത വാഹനത്തിന്റെ സ്കെച്ചും റിപ്പോര്‍ട്ടിലുണ്ട്. എന്തായാലും ഈ അജ്ഞാത ദര്‍ശനത്തെക്കുറിച്ച് യുക്തിപരമായ ഒരു നിഗമനവും ഇതുവരെ വന്നിട്ടില്ല.

No comments:

Post a Comment