Friday, January 8, 2010


മൊബൈല്‍ മറവി രോഗത്തിന് മരുന്നെന്ന്


വാഷിങ്ടണ്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്നും അല്‍ഷൈമേഴ്സ് രോഗം അകറ്റുമെന്നും പഠനം. സൌത്ത് ഫ്ലോറിഡ യൂനിവേഴ്സിറ്റിയിലെ ഗാരി അരെന്‍ഡാഷും സംഘവും എലികളില്‍ നടത്തിയ പരീക്ഷണമാണ് ഈ സാധ്യത മുന്നോട്ടുവെക്കുന്നത്. മൊബൈലില്‍നിന്നുള്ള മൈക്രോവേവ് തരംഗങ്ങള്‍, മസ്തിഷ്കത്തിലടിയുന്ന ബീറ്റ അമിലോയിഡ് എന്ന പ്രോട്ടീനെ തുടച്ചുമാറ്റുമെന്ന് ഗവേഷകര്‍ പറയുന്നു. ഈ പ്രോട്ടീനാണ് അല്‍ഷൈമേഴ്സ് എന്ന മറവിരോഗത്തിന് പ്രധാന കാരണം. അല്‍ഷൈമേഴ്സ് രോഗിയിലേതുപോലെ മറവി രൂപപ്പെടാന്‍ ജനിതകമാറ്റം വരുത്തിയ 96 എലികളെയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. മൊബൈലിന് സമാനമായി തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ആന്റിന കൂടിന്റെ മധ്യത്തില്‍ സ്ഥാപിച്ചു. മാസങ്ങള്‍ക്ക് ശേഷം ഇവയില്‍ ഓര്‍മത്തകരാറുകള്‍ ഭേദപ്പെട്ടതായി കാണപ്പെട്ടു. മനുഷ്യരില്‍ ഇത്തരം മാറ്റങ്ങള്‍ വരണമെങ്കില്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് ഗാരി പറയുന്നത്. മനുഷ്യന്റെ തലയോട് എലികളേതിനേക്കാള്‍ കട്ടി കൂടിയതായതിനാല്‍ കൂടുതല്‍ തരംഗങ്ങള്‍ക്ക് ഉള്ളിലെത്താനാവില്ല. അതേസമയം, ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തിയാലേ മനുഷ്യരില്‍ ഇത് ഫലപ്രദമാണെന്ന് പറയാന്‍ കഴിയൂവെന്ന് അല്‍ഷൈമേഴ്സ് റിസര്‍ച് ട്രസ്റ്റ് വ്യക്തമാക്കി

No comments:

Post a Comment