Thursday, January 28, 2010

ഹിമാലയത്തിലെ മഞ്ഞുരുക്ക പ്രവചനം
യു.എന്‍ പാനല്‍ പിന്‍വലിച്ചു


ഹേഗ്: 2035ഓടെ ഹിമാലയത്തിലെ മഞ്ഞു പര്‍വ്വതങ്ങള്‍ ഉരുകി അപ്രത്യക്ഷമാവുമെന്ന റിപ്പോര്‍ട്ട് യു.എന്‍ കാലാവസ്ഥാ ശാസ്ത്ര പാനല്‍ പിന്‍വലിച്ചു. രണ്ടുവര്‍ഷം മുമ്പാണ് അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന പാനല്‍ (ഐ.പി.സി.സി) സമഗ്ര പഠനത്തിനു ശേഷം ഇത്തരത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആഗോള താപനത്തിന്റെ അനന്തര ഫലങ്ങളില്‍ തീഷ്ണമായ ഒന്നായി ഇത് കണക്കാക്കപ്പെട്ടു.

അതു വലിയൊരു അബദ്ധമായിരുന്നെന്നും തിരുത്തുമെന്നും ഐ.പി.സി.സി വൈസ് ചെയര്‍മാന്‍ ജീന്‍ പാസ്‌കല്‍ വ്യക്തമാക്കി.

ആഗോള താപനവുമായി ബന്ധപ്പെട്ട 2007ലെ പഠനത്തില്‍ കടന്നുകൂടിയ ഈ തെറ്റ്, സമഗ്രമായ കാലാവസ്ഥാ വ്യതിയാന പഠനത്തെ അപ്രസക്തമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ശാസ്ത്ര ജേണലില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഐ.പി.സി.സി ഈ പ്രവചനം നടത്തിയത്. വസ്തുതകളെയോ ഗവേഷണത്തെയോ ആസ്പദമാക്കിയല്ല, ഒരു വിദഗ്ധനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് ആ റിപ്പോര്‍ട്ടെന്ന് പിന്നീട് വ്യക്തമായി.

അങ്ങനെ 3000 പേജുള്ള ഐ.പി.സി.സി റിപ്പോര്‍ട്ടില്‍ 'ഹിമാലയന്‍ അബദ്ധമായി' ഹിമപാളികളുടെ നാശം കടന്നു കൂടി. വെറും ഊഹമായിരുന്നു ആ നിഗമനമെന്ന് ഇന്ത്യന്‍ ശാസ്ത്രകാരനായ ഡോ. സയിദ് ഹസ്‌നൈനും വ്യക്തമാക്കിയിരുന്നു. ഐ.പി.സി.സി റിപ്പോര്‍ട്ടില്‍ നിന്നും ഈ ഭാഗം മാറ്റുമെന്ന് ഈ അധ്യായം തയാറാക്കിയ പ്രഫ. മുരാരിലാല്‍ പറഞ്ഞു. ലോകത്തെങ്ങുമുള്ളതിനേക്കാള്‍ വേഗത്തിലാണ് ഹിമാലയത്തില്‍ മഞ്ഞുരുക്കമെന്ന് പഠനത്തില്‍ പറഞ്ഞിരുന്നു.

നൂറുകണക്കിന് അടി കനമുള്ള മഞ്ഞു പര്‍വതങ്ങള്‍ 2015ഓടെ അപ്രത്യക്ഷമാകണമെങ്കില്‍ വലിയ തോതില്‍ ആഗോള താപനത്തില്‍ വ്യത്യാസം വരണമെന്ന് ഭൂമിശാസ്ത്രകാരന്മാര്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷം മൂന്നോ നാലോ അടി എന്ന തോതിലാണ് ഇപ്പോള്‍ കൂടിയ മഞ്ഞുരുക്കം.

No comments:

Post a Comment