Monday, January 11, 2010

ചൈനയില്‍ സൌരോര്‍ജം ഉപയോഗിച്ച്

വന്‍കിട വൈദ്യുതി പദ്ധതി


ബീജിംഗ്: സൌര കണ്ണാടികള്‍ ഉപയോഗിച്ച് വലിയതോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകള്‍ ചൈനയില്‍ തയാറാവുന്നു.

കണ്ണാടികള്‍ പിടിച്ചെടുക്കുന്ന പ്രകാശം ഉപയോഗിച്ച് നീരാവി ഉല്‍പാദിപ്പിക്കുകയും ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന പ്ലാന്റ് വികസിപ്പിക്കുന്നതിലൂടെ ബദല്‍ ഊര്‍ജ സംവിധാനത്തിലെ അതികായന്‍മാരാവാനാണ് ചൈനയുടെ ശ്രമം.

കോണ്‍സന്‍ട്രേറ്റിങ് സോളാര്‍ പവര്‍ പ്ലാന്റ് എന്ന സംവിധാനത്തിനുവേണ്ട വലിയ കണ്ണാടികളും ടര്‍ബൈനും ടവറുകളും ചൈനയില്‍ തന്നെയാണ് നിര്‍മിക്കുന്നത്. ബെയ്ജിങ്ങില്‍ ഏഷ്യയിലെ ആദ്യ കോണ്‍സന്‍ട്രേറ്റിങ് സോളാര്‍ പ്ലാന്റ് നിര്‍മാണം തുടങ്ങി. 1.5 മെഗാവാട്ട് ശേഷിയുള്ള പരീക്ഷണ ഉദ്യമമാണിത്.

വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ 50 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും തുടങ്ങി.

ബദല്‍ ഊര്‍ജ സംവിധാനത്തിനുവേണ്ട ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന ലോകത്തെ പ്രധാന രാജ്യമാവാനും ചൈന ഉദ്ദേശിക്കുന്നു.

സൂര്യപ്രകാശം കൂടിയ ഉള്‍പ്രദേശങ്ങളില്‍ സ്ഥാപിച്ച വലിയ സൌരക്കണ്ണാടികളെ ഓട്ടോമാറ്റഡ് ഗിയര്‍ ഉപയോഗിച്ച് വിദഗ്ധര്‍ സൂര്യപ്രകാശത്തിലെ ചൂടുപയോഗിച്ച് വെള്ളം നീരാവിയാക്കുന്ന ടവറുകളിലേക്ക് ഫോക്കസ് ചെയ്യിക്കും.

ഈ സംവിധാനം ചൈനക്ക് അനുഗുണമല്ലെന്ന വാദവും ഉയരുന്നുണ്ട്. ചൈനയിലെ സ്വകാര്യ സംരംഭകര്‍ താല്‍പര്യത്തോടെയാണ് ഈ ചുവടുവെപ്പിനെ കാണുന്നത്.

കാലിഫോര്‍ണിയയിലെ സോളാര്‍ സാങ്കേതിക സ്ഥാപനവുമായി 2000 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റുകളുടെ നിര്‍മാണത്തിന് ധാരണയായിക്കഴിഞ്ഞു.

ചെറിയതോതില്‍ വൈദ്യുതോല്‍പാദനത്തിന് ആശ്രയിക്കുന്ന സൌരോര്‍ജത്തെ വന്‍കിട വൈദ്യുതി സ്രോതസ്സായി മാറ്റാനാണ് ചൈനയുടെ ശ്രമം.

No comments:

Post a Comment