Friday, January 8, 2010

വഴിവിട്ട ജീവിതത്തിന് മരിയ വിദ്യാലയത്തോട്
നഷ്ടപരിഹാരം ചോദിക്കുന്നു




ഹേഗ്: വഴിവിട്ട ജീവിതത്തിന് വിദ്യാലയം നഷ്ടപരിഹാരം നല്‍കണമെന്ന വാദവുമായി ലൈംഗികത്തൊഴിലാളി കോടതിയില്‍. നെതര്‍ലന്‍ഡുകാരിയായ മരിയ മൊസ്റ്റേര്‍ഡ് ആണ് പഠിച്ചിറങ്ങിയ വിദ്യാലയത്തിനെ കോടതിയില്‍ കയറ്റിയത്. വിദ്യാര്‍ഥിയായിരിക്കെ ലൈംഗിക ഏജന്റുമാരുടെ വലയില്‍പെട്ട് സ്കൂളില്‍ നിരന്തരം അവധിയായ കാര്യം വീട്ടില്‍ അറിയിക്കുന്നതില്‍ അധ്യാപകര്‍ പരാജയപ്പെട്ടുവെന്നാണ് മരിയയുടെ വാദം. നെതര്‍ലന്‍ഡിലെ സ്കൂള്‍ വിദ്യാര്‍ഥികളെ പ്രണയം നടിച്ച് വഴിവിട്ട ജീവിതത്തിലേക്ക് നയിക്കുന്ന ലൈംഗിക ഏജന്റുമാര്‍ സജീവമാണെന്ന കാര്യം കോടതിയെ ബോധിപ്പിക്കുക കൂടിയായിരുന്നു തന്റെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു. അമ്മ ലൂയിസും മരിയക്കൊപ്പം കോടതിയിലെത്തി. പല സ്കൂളുകളിലും ഇത് നടക്കുന്നുണ്ടെന്നും ആരും ഇതിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നില്ലെന്നും മരിയ പറഞ്ഞു.

കുട്ടികളുടെ പെരുമാറ്റ ദൂഷ്യത്തിന് വിദ്യാലയമല്ല മാതാപിതാക്കളാണ് പ്രഥമ ഉത്തരവാദികള്‍ എന്ന് സ്വോല്ലേ ജില്ലാ ജഡ്ജി നിരീക്ഷിച്ചു. മരിയയുടെ പരാതി തള്ളുകയും ചെയ്തു. കുട്ടി അവധിയായത് അറിയിക്കാതിരുന്നാല്‍ താനെങ്ങനെ ഇക്കാര്യത്തില്‍ ഉത്തരവാദിയാകുമെന്നാണ് ലൂയിസിന്റെ ചോദ്യം. എന്തായാലും ഇരുവരും അപ്പീലിനുള്ള തയാറെടുപ്പിലാണ്.

No comments:

Post a Comment