Monday, November 23, 2009



ദക്ഷിണ ധ്രുവം തേടി ഇന്ത്യന്‍ വനിത ഹിമയാത്ര തുടങ്ങി



വെല്ലിംഗ്ടണ്‍ (ന്യൂസിലാന്റ്): ചരിത്രം കുറിക്കാന്‍ ഇന്ത്യന്‍ വനിത റീന കൌശല്‍ ദക്ഷിണ ധ്രുവത്തിലേക്ക് ഹിമപാളികളിലൂടെ തെന്നിനീങ്ങുന്ന സ്കീയിങ് തുടങ്ങി. ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ കോമണ്‍വെല്‍ത്തിന്റെ 60ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് റീനയും എട്ടു രാജ്യങ്ങളിലെ സ്ത്രീയാത്രികരും സാഹസികമായ ഹിമയാത്ര തുടങ്ങിയത്. തിങ്കളാഴ്ച അന്റാര്‍ട്ടിക്കയിലെ ബേയ്സ് ക്യാമ്പില്‍നിന്നു യാത്ര തുടങ്ങിയ ഇവര്‍, 800 കിലോമീറ്റര്‍ ഹിമപാളികളിലൂടെ സഞ്ചരിച്ച് 40 ദിവസം കൊണ്ട് ദക്ഷിണ ധ്രുവത്തിലെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു ദിവസം 10 മണിക്കൂര്‍ ഇവര്‍ മഞ്ഞുകട്ടകള്‍ക്കു മീതെ തെന്നിപ്പായും. ഭക്ഷണവും അവശ്യ വസ്തുക്കളുമായി 80 കിലോഗ്രാം ഭാരമുള്ള ഹിമവണ്ടികളും യാത്രയില്‍ ഒപ്പമുണ്ട്. കോമണ്‍വെല്‍ത്ത് ദിനമായ ജനുവരി ഒന്നിന് ദക്ഷിണ ധ്രുവത്തിലെത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയുള്ള ശീതക്കാറ്റും ഹിമപാളികളിലെ ഒളിഞ്ഞിരിക്കുന്ന വിള്ളലുകളും മൈനസ് 42 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്ന ഊഷ്മാവുമെല്ലാം യാത്രയില്‍ വെല്ലുവിളിയാണ്. ഇന്ത്യയെ കൂടാതെ ബ്രൂണെ, സൈപ്രസ്, ഘാന, ജമൈക്ക, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ വനിതകളാണ് സംഘത്തിലുള്ളത്.



മഞ്ഞുപാളികളിലൂടെയുള്ള യാത്രയില്‍ അവര്‍ക്ക് 24 മണിക്കൂറും പകല്‍വെളിച്ചം ലഭിക്കും.

ഒരു ജീവജാലത്തെയും യാത്രയില്‍ കാണാനാവില്ല. കനത്ത ഏകാന്തത മാത്രമായിരിക്കും ചുറ്റും. എവിടെയും മഞ്ഞുപാളികളും ഹിമപര്‍വതങ്ങളും ആകാശവും മാത്രമേ കാണാനാവൂ. ^അന്റാര്‍ട്ടിക് പര്യവേക്ഷണ വെബ്സൈറ്റ് വ്യക്തമാക്കി. ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന 38കാരിയായ റീന ഡാര്‍ജിലിങിലെ സ്കീയിങ് പരിശീലകയാണ്. ദല്‍ഹിയാണ് സ്വദേശം.

No comments:

Post a Comment