Saturday, November 7, 2009


മിഷേല്‍ ഒബാമ റിയാലിറ്റി ഷോയില്‍
ലണ്ടന്‍: 'അയേണ്‍ ഷെഫ് അമേരിക്ക' എന്ന പാചക റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് അമേരിക്കക്കാര്‍ക്കൊരു പുതുമ സമ്മാനിക്കുകയാണ് പ്രസിഡന്റ് ബറാക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമ. ഇതുവരെ അമേരിക്കന്‍ പ്രസിഡന്റിന്റെ പത്നിമാരോ വൈറ്റ്ഹൌസുമായി ബന്ധപ്പെട്ടവരോ ടി.വി ഷോകളില്‍ പങ്കെടുത്ത ചരിത്രമില്ല. ബ്രിട്ടീഷ് പാചകവിദഗ്ധയായ നിഗേല ലോഡണ്‍ ജഡ്ജായെത്തുന്ന പാചകവിദഗ്ധരുടെ ഈ ഏറ്റുമുട്ടലില്‍ അതിഥിയായെത്തി മിഷേല്‍ ചരിത്രം മാറ്റിയെഴുതുകയാണ്. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് മിഷേല്‍ എത്തുന്നത്. വൈറ്റ്ഹൌസില്‍ ഈയിടെ ഒരുക്കിയ തോട്ടത്തിലെ പച്ചക്കറികള്‍ ഉപയോഗിച്ച് മല്‍സരാര്‍ഥികള്‍ വിഭവമൊരുക്കും. വൈറ്റ്ഹൌസിലെ തോട്ടത്തില്‍ ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ചുള്ള തന്റെ പ്രചാരണത്തിനുള്ള വേദിയായാണ് മിഷേല്‍ ഈ അവസരത്തെ കാണുന്നത്. 15 ലക്ഷത്തോളം പ്രേക്ഷക പിന്തുണയുള്ള ഈ പരിപാടിയില്‍ പാചക മല്‍സരാര്‍ഥികളോട് കുട്ടികളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മിഷേല്‍ സംസാരിക്കും. ഒബാമയുടെ സ്ഥാനാരോഹണത്തിനുശേഷം വൈറ്റ്ഹൌസും ഹോളിവുഡ് താരങ്ങളും തമ്മില്‍ ബന്ധം കൂടിയതിനെപ്പറ്റി വിമര്‍ശമുയരുന്ന പശ്ചാത്തലത്തില്‍ മിഷേലയുടെ 'ഷോയും' വിവാദമാകാനിടയുണ്ട്. ഒബാമ ഭരണത്തിലെ ആദ്യ ഒമ്പതു മാസങ്ങളില്‍ വൈറ്റ്ഹൌസ് സന്ദര്‍ശിച്ചവരിലേറെയും ഹോളിവുഡ് പ്രവര്‍ത്തകരായിരുന്നു.

No comments:

Post a Comment