Thursday, October 15, 2009


ഇനി മരത്തില്‍നിന്ന് വൈദ്യുതി

വാഷിംഗ്ടണ്‍: ഇനി മരത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാം.ഈ വൈദ്യുതി ഉപയോഗിച്ച് കാട്ടുതീയെപ്പറ്റിയും മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളെപ്പറ്റിയും മുന്നറിയിപ്പ് തരുന്ന സെന്‍സറുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. കണ്ടുപിടിത്തം നടത്തിയിരിക്കുന്നത് വാഷിംഗ്ടണ്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ്. വാഷിംഗ്ടണ്‍ യൂനിവേഴ്സിറ്റി കാമ്പസില്‍ കണ്ടുവരുന്ന 'ബിഗ്ലീഫ് മാപ്പ്ള്‍' മരങ്ങളിലായിരുന്നു ഇവരുടെ പരീക്ഷണം
ഒരു ലോഹദണ്ഡ് മരത്തിലും മറ്റൊന്ന് മണ്ണിലും കുത്തിനിര്‍ത്തി പരസ്പരം ബന്ധിപ്പിച്ചാല്‍ 200 മില്ലി വോള്‍ട്ട് വരെ വൈദ്യുതി ഉണ്ടാവുന്നുണ്ടെന്ന് ഇവര്‍ കണ്ടെത്തി.
ഇത് നിസ്സാരമായ വൈദ്യുതിയാണെങ്കിലും (ഒരു മില്ലി വോള്‍ട്ട് ഒരു വോള്‍ട്ടിന്റെ ആയിരത്തിലൊരംശമാണ്). ഇവര്‍ വികസിപ്പിച്ച ബൂസ്റ്റ് കണ്‍വെര്‍ട്ടര്‍ എന്ന ഉപകരണം ഈ വൈദ്യുതി ശേഖരിച്ച് കൂടിയ വൈദ്യുതിയാക്കി പുറത്തുവിടുന്നു. 20 മില്ലി വോള്‍ട്ട് വൈദ്യുതിയെ ഈ ഉപകരണം 1.1 വോള്‍ട്ട് വരെയാക്കി ഉയര്‍ത്തും.
ഇതുപയോഗിച്ചാണ് മുന്നറിയിപ്പ് സെന്‍സറുകള്‍ പ്രവര്‍ത്തിക്കുക.തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയില്‍ വ്യത്യസ്ത ലോഹദണ്ഡുകള്‍ ഉറപ്പിച്ചുനിര്‍ത്തി തമ്മില്‍ ബന്ധിപ്പിച്ച് വൈദ്യുതിയുണ്ടാവുന്ന പ്രതിഭാസവും ഇതുമായി ഒരു ബന്ധവുമില്ല. വ്യത്യസ്ത ലോഹദണ്ഡുകളും അവയിലെ രാസവസ്തുക്കളും തമ്മിലുള്ള പ്രവര്‍ത്തനമാണ് അവിടെ വൈദ്യുതി സൃഷ്ടിക്കുന്നത്. എന്നാല്‍, മരത്തില്‍ തന്നെയുള്ള സന്ദേശങ്ങള്‍ കൈമാറുന്ന വൈദ്യുതി സിഗ്നലുകളായിരിക്കാം 'മര വൈദ്യുതി' പ്രതിഭാസത്തിനുപിന്നിലെന്നാണ് ഗവേഷകരുടെ നിഗമനം. .

No comments:

Post a Comment