Friday, October 16, 2009

എയിഡ്സ്: പുതുവാക്സിന്‍ കണ്ടെത്തി
വാഷിംഗ്ടണ്‍: എച്ച്.ഐ.വി അണുബാധക്കുള്ള സാധ്യത കുറക്കുന്ന പുതിയ വാക്സിന്‍ കണ്ടെത്തി. അമേരിക്കന്‍ സൈന്യവും തായ്ലന്റ് സര്‍ക്കാറും സംയുക്തമായി നടത്തിയ പഠനത്തിലാണ് അണുബാധക്കുള്ള സാധ്യത 32 ശതമാനം കുറക്കുന്ന ആര്‍.വി 144 എന്ന വാക്സിന്‍ കണ്ടെത്തിയത്. ഇപ്പോള്‍ നിലവിലുള്ള കാര്യക്ഷമത കുറഞ്ഞ അല്‍വാക്, എയിഡ്സ് വാക്സ് വാക്സിനുകള്‍ യോജിപ്പിച്ചാണ് ഇത് നിര്‍മിച്ചത്.
തായ്ലന്റിലെ 16000 വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തിയത്. ഇതില്‍ പകുതിപേര്‍ക്ക് വാക്സിന്‍ കുത്തിവെച്ചു. ബാക്കിയുള്ളവരെ കുത്തിവെപ്പില്‍നിന്ന് ഒഴിവാക്കി. ആറുവര്‍ഷം നീണ്ട പരീക്ഷണത്തിനിടെ നിരന്തരം എയിഡ്സ് പരിശോധന നടത്തി. എച്ച്.ഐ.വി അണുബാധക്ക് സാധ്യതയേറിയ ഈ പ്രദേശത്തെ വാക്സിന്‍ കുത്തിവെച്ച 51 പേര്‍ക്ക് മാത്രമേ അവസാന ഡോസ് നല്‍കി മൂന്നുവര്‍ഷത്തിനു ശേഷം എയിഡ്സ് ബാധയുണ്ടായുള്ളൂ. എന്നാല്‍ കുത്തിവെക്കാത്ത 74 പേര്‍ക്ക് രോഗം വന്നു. ഇതില്‍നിന്നാണ് വാക്സിന്‍ അണുബാധ സാധ്യത കുറക്കുന്നുണ്ടെന്ന നിഗമനത്തിലെത്തിയത്.
വാക്സിനുകളുടെ യോജിച്ച പ്രവര്‍ത്തനമായിരിക്കാം ഈ ഫലത്തിന് കാരണമെന്ന് ഗവേഷകര്‍ വിലയിരുത്തി. ഫലപ്രദമായ എച്ച്.ഐ.വി വാക്സിന്‍ സാധ്യമാണെന്നതിലേക്ക് ഈ കണ്ടെത്തല്‍ വിരല്‍ചൂണ്ടുന്നു.

No comments:

Post a Comment