Friday, October 16, 2009


മരണത്തെ മറികടന്ന് എവറസ്റ്റില്‍നിന്നൊരു ചാട്ടം

കാഠ്മണ്ഡു: മരണത്തെ വെല്ലുവിളിച്ച് രമേഷ് ചന്ദ്ര ത്രിപാഠി ചാടിയത് ലോകത്തെ ഏറ്റവും ഉയരത്തില്‍നിന്ന്. 16800 അടിയുള്ള എവറസ്റ്റ് കൊടുമുടിയില്‍നിന്ന് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പാരച്യൂട്ട് ജംപ് നടത്തിയ ത്രിപാഠി തലച്ചോറില്‍ രക്തസ്രാവ ഭീഷണി നേരിടുന്ന രോഗിയാണ്. ആറുമാസം മുമ്പ് രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ നല്‍കിയ മുന്നറിയിപ്പ് തള്ളിയാണ് ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഈ പാര ജംപ് പരിശീലകന്‍ എവറസ്റ്റിലെത്തിയത്.
ഹെലികോപ്റ്ററില്‍ ഇരുപതിനായിരം അടി മുകളില്‍നിന്ന്, എവറസ്റ്റിന്റെ മടിത്തട്ടിലുള്ള 'ഖൊരാക് ഷെപ്പ്' എന്ന നിരപ്പായ പ്രദേശത്ത് ഇദ്ദേഹത്തെ ഇറക്കുകയായിരുന്നു. ഓക്സിജന്‍ കുറവായ ഇവിടത്തെ അവസ്ഥയുമായി പൊരുത്തപ്പെടാന്‍ സാധാരണ ഏറെ സമയമെടുക്കും. പക്ഷേ ഒരു മണിക്കൂറിനുള്ളില്‍ ത്രിപാഠി ചാട്ടത്തിനു തയാറായി. കൂടെയുണ്ടായിരുന്ന സാഹസികരായ ബ്രിട്ടനിലെ ലിയോ ഡിക്കിന്‍സണും റാല്‍ഫ് മിഷലും അഞ്ചു ദിവസമാണ് ചാട്ടത്തിനു മുമ്പുള്ള പൊരുത്തപ്പെടലിന് എടുത്തത്. ശക്തമായ കാറ്റില്‍ ചിലപ്പോള്‍ ചാട്ടം പിഴച്ച് ഹിമപാളികള്‍ക്കിടയിലെ വിള്ളലുകളില്‍ അകപ്പെടാനും ഹിമശിഖരങ്ങളില്‍ ഇടിച്ചുവീഴാനും സാധ്യതയുണ്ടായിരുന്നു. നാളെ മരിക്കുകയാണെങ്കില്‍, ഏറ്റവും സന്തോഷവാനായാണ് താന്‍ മരിക്കുക ^ചാട്ടത്തിനുശേഷം രമേഷ് ത്രിപാഠി പറഞ്ഞു. 2006ല്‍ രാഷ്ട്രപതിയുടെ വായുസേനാ മെഡല്‍ ഈ സാഹസികന്‍ സ്വന്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment