Friday, October 16, 2009


ഒറ്റക്കെട്ടിന് നാലു പെണ്ണുങ്ങള്‍

പ്രിട്ടോറിയ: ഒരു കെട്ടിന് നാലു ഭാര്യമാര്‍. ദക്ഷിണാഫ്രിക്കയിലെ നാട്ടുപ്രമാണി മില്‍ട്ടണ്‍ എംബലെയാണ് തോബിലെ, സെനേലേ, ബാക്വിനിസെല്‍, സ്മാംഗലേ എന്നീ നാലു യുവതികളെ ഒന്നിച്ച് വിവാഹം ചെയ്തത്. രണ്ടുദിവസം നീളുന്ന കല്യാണച്ചടങ്ങുകള്‍ ഇന്നലെ തുടങ്ങി. ഇന്നാണ് സദ്യവട്ടങ്ങള്‍. ക്വാസുലു പ്രവിശ്യയിലെ 44കാരനായ മില്‍ട്ടണ്‍ കെട്ടാന്‍ പോകുന്ന നാലുപേരും 22നും 35നും ഇടയില്‍ പ്രായമുള്ളവരാണ്.
നാട്ടുപള്ളിയില്‍ നടന്ന മനസമ്മതച്ചടങ്ങില്‍ മില്‍ട്ടനെ കെട്ടാന്‍ സമ്മതമാണോയെന്ന് മണവാട്ടിമാരോട് അച്ചന്‍ ചോദിച്ചു. അതേയെന്ന് സംഘഗാനംപോലെ മറുപടി വന്നു.
ബഹുഭാര്യത്വം ഈ പ്രദേശത്ത് പുതുമയുള്ള കാര്യമല്ല. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമാക്കുതന്നെ മൂന്നു പത്നിമാരുണ്ട്. അദ്ദേഹവും കല്യാണം കൂടാനെത്തിയിരുന്നു. പക്ഷേ, ബഹുഭാര്യമാരെ ഒറ്റ മംഗല്യത്തില്‍ സ്വന്തമാക്കുകയെന്നത് പുതുമതന്നെയാണ്.മില്‍ട്ടണ്‍ ഇവര്‍ക്ക് പുരുഷധനമായി നല്‍കിയത് 33 പശുക്കളെയാണ്. 100 പശുക്കളും 250 ആടുകളും സമ്പാദ്യമായുള്ള മില്‍ട്ടണ് അത് കൊടുക്കുന്നതിലെന്താണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ നിയമം ആദ്യഭാര്യയെ മാത്രമേ അംഗീകരിക്കൂ. വിവാഹ സര്‍ട്ടിഫിക്കറ്റെന്തിന്, തങ്ങള്‍ക്ക് മില്‍ട്ടന്റെ സ്നേഹം മതിയെന്നാണ് നാലു മണവാട്ടിമാരും ഒരേ സ്വരത്തില്‍ പറയുന്നത്.

No comments:

Post a Comment