Thursday, October 15, 2009


മൊബൈല്‍ ഫോണും ബ്രെയിന്‍ ട്യൂമറും തമ്മിലെന്ത്?

മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രെയിന്‍ ട്യൂമറിന് കാരണമാകുമോ? അതേ, എന്നാണ് ഇന്റര്‍നാഷനല്‍ ഇ.എം.എഫ് കൊളാബറേറ്റീവ് നടത്തിയ പഠനം പറയുന്നത്. മൊബൈല്‍ കമ്പനികളുടെ പ്രചാരണങ്ങളെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നു, ലോസ് ആഞ്ചലസ് ടൈംസ് കോളമിസ്റ്റ് ഡേവിഡ് ലാസറസ്

'ദീര്‍ഘകാല ഉപയോഗം ആരോഗ്യത്തിന് ഹാനികരം' എന്നൊരു മുന്നറിയിപ്പ് ഇനി മൊബൈല്‍ ഫോണുകളില്‍ സ്ഥാനം പിടിച്ചേക്കാം' ഈ പ്രവചനം ലിയോള്‍ഡ് മോര്‍ഗന്റേതാണ്. വൈദ്യുത കാന്തിക മണ്ഡലങ്ങളെക്കുറിച്ചു പഠിക്കുന്ന വിദഗ്ധരുടെ കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ ഇലക്ട്രോ മാഗ്നറ്റിക് ഫീല്‍ഡ് കൊളാബറേറ്റീവിലെ അംഗമാണ് അദ്ദേഹം. സംഘടന നടത്തിയ 'സെല്‍ഫോണും ബ്രെയിന്‍ ട്യൂമറും: പരിഗണനക്ക് പതിനഞ്ച് കാരണങ്ങള്‍' എന്ന പഠന റിപ്പോര്‍ട്ട് മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ച മിത്തുകളാണ് തകര്‍ക്കുന്നത്. 'ദീര്‍ഘകാല മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രെയിന്‍ ട്യൂമറിലേക്ക് നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മൊബൈല്‍ കമ്പനികളുടെ പിന്‍ബലത്തോടെ നടത്തുന്ന പഠനങ്ങള്‍ ഒരുപക്ഷേ, ഈ സത്യം മറച്ചുവെച്ചേക്കും. പക്ഷേ, ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചാല്‍ ചില അപകടസാധ്യതകള്‍ നമുക്ക് കാണാന്‍ കഴിയും' ^മോര്‍ഗന്‍ പറയുന്നു. മുതിര്‍ന്നവരേക്കാളും കുട്ടികള്‍ക്കാണ് അപകടസാധ്യത കൂടുതല്‍. അവരുടെ വളര്‍ച്ചാ ദശയിലുള്ള മസ്തിഷ്ക കോശങ്ങളെ വൈദ്യുത കാന്തിക തരംഗങ്ങള്‍ക്ക് എളുപ്പം സ്വാധീനിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൊബൈല്‍ ഫോണുകള്‍ ആരോഗ്യത്തിന് ഭീഷണിയാണോ എന്നത് വര്‍ഷങ്ങളായുള്ള വലിയ സംവാദ വിഷയമാണ്. ലോകാരോഗ്യ സംഘടന, അമേരിക്കയിലെ നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പറയുന്നത് മൊബൈല്‍ ഫോണ്‍ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്നുണ്ടെന്നതിന് നിര്‍ണായകമായ തെളിവുകളൊന്നുമില്ലെന്നാണ്. എന്നാല്‍, പല ഉപഭോക്തൃ അഭിഭാഷകരും ആരോഗ്യപ്രവര്‍ത്തകരും അന്തിമവിധിക്ക് സമയമായില്ലെന്നാണ് പറയുന്നത്. ഏറെ വര്‍ഷങ്ങളായി തുടരുന്ന 13 രാജ്യങ്ങള്‍ ചേര്‍ന്നുള്ള പഠനത്തിന്റെ ഫലം കാത്തിരിക്കയാണവര്‍. അതുകൂടെ വന്നാല്‍ എന്നെന്നേക്കുമായി മൊബൈല്‍ കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയും. 'ഇന്റര്‍ ഫോണ്‍ സ്റ്റഡി' എന്ന ഈ പഠനം 2000ത്തിലാണ് ആരംഭിച്ചത്. ഇതുവരെ ലഭ്യമായ വിശദാംശങ്ങളില്‍നിന്നും ചിലര്‍ വ്യാഖ്യാനിക്കുന്നത് ദീര്‍ഘകാല മൊബൈല്‍ ഫോണ്‍ ഉപയോഗവും ബ്രെയിന്‍ ട്യൂമറുമായി ബന്ധമുണ്ടെന്നാണ്. പക്ഷേ, ഇതിനെ നിരാകരിക്കുന്ന പക്ഷവുമുണ്ട്. 2.4 കോടി ഡോളര്‍ ചെലവഴിച്ചുള്ള ഈ പഠനത്തിന് മൊബൈല്‍ കമ്പനികളുടെകൂടി സാമ്പത്തിക പിന്തുണയുണ്ട്. തങ്ങള്‍ക്ക് വിനയായേക്കാവുന്ന കണ്ടെത്തലുകള്‍ മയപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുമെന്ന് ചിലര്‍ സംശയിക്കുന്നു. ബ്രെയിന്‍ കാന്‍സര്‍ രോഗികളുടെ കണക്കുകള്‍ കൈകാര്യം ചെയ്യുന്ന ഇല്ലിനോയ്ഡിലെ സെന്‍ട്രല്‍ ബ്രെയിന്‍ ട്യൂമര്‍ രജിസ്ട്രി ചൂണ്ടിക്കാട്ടുന്നത് ചില പ്രത്യേകതരം ട്യൂമര്‍ കേസുകളുടെ കാര്യത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ്. ഈ വര്‍ധനയുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞരെന്ന് രജിസ്ട്രിയുടെ പ്രസിഡന്റ് കാറോള്‍ ക്രൂച്ച്കോ പറയുന്നു. എന്നാല്‍, മൊബൈല്‍ ഫോണുകള്‍ അപകടകാരികളല്ലെന്നാണ് മൊബൈല്‍ ഫോണ്‍ ഉല്‍പാദകരുടെ സംഘടനയായ സി.ടി.ഐ.എ പറയുന്നത്. ടെലികമ്യൂണിക്കേഷന്‍ വ്യവസായത്തെ നിയന്ത്രിക്കുന്ന അമേരിക്കന്‍ ഏജന്‍സിയായ എഫ്.സി.സി നിശ്ചയിച്ച പരിധിയിലുള്ള മൈക്രോവേവ് തരംഗങ്ങള്‍ക്ക് ശരീരവുമായി ദോഷകരമായി ഒരു പ്രവര്‍ത്തനവും ഉള്ളതായി അറിവില്ല. സംഘടനയുടെ വക്താവ് പറഞ്ഞു. 'പ്രവര്‍ത്തനം ഉള്ളതായി അറിവില്ലെന്ന് പറയുന്നതുതന്നെ അശാസ്ത്രീയമല്ലേ' ^ലിയോള്‍ഡ് മോര്‍ഗന്‍ ചോദിക്കുന്നു. 'നമുക്കറിയില്ലെന്ന് കരുതിയാല്‍ എല്ലാം തികയുമോ?'മൊബൈല്‍ ഫോണുകളില്‍നിന്ന് വരുന്ന മൈക്രോവേവ് തരംഗങ്ങള്‍ വളരെ ദുര്‍ബലമായതിനാല്‍ നമ്മുടെ മസ്തിഷ്ക കോശ സമൂഹങ്ങളെ അത് ചൂടുപിടിപ്പിക്കില്ലെന്നും ട്യൂമര്‍ രൂപംകൊള്ളാന്‍ ഇടയാക്കില്ലെന്നും ചില പഠനങ്ങളുടെ വെളിച്ചത്തില്‍ മൊബൈല്‍ കമ്പനികള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ഇതിനെ മോര്‍ഗന്‍ ചോദ്യംചെയ്യുന്നു. ജൈവശരീരവുമായുള്ള വൈദ്യുത കാന്തിക തരംഗങ്ങളുടെ ചൂടുപിടിപ്പിക്കാത്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവരെന്തു പറയുന്നു'? മോര്‍ഗന്‍ ചോദിക്കുന്നു. 'ഒടിഞ്ഞ എല്ലുകള്‍ നേരെയാക്കുന്നതിന് വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ തരംഗങ്ങളെപ്പോലെ ഇവയും ദുര്‍ബലവും കോശസമൂഹങ്ങളെ ചൂടാക്കാത്തതുമാണ്. അപ്പോള്‍ അവക്കും ചൂടുപിടിപ്പിക്കുന്നതില്‍ കവിഞ്ഞ്, മറ്റു ചില സ്വാധീനങ്ങള്‍ ജൈവശരീരത്തില്‍ ഉണ്ട് എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്' ^മോര്‍ഗന്‍ പറയുന്നു. ദുര്‍ബലമായ റേഡിയോ തരംഗങ്ങള്‍ക്ക് ശരീരത്തെ ചൂടുപിടിപ്പിക്കാത്ത മറ്റു സ്വാധീനങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ അത്യാവശ്യമാണെന്ന് അമേരിക്കയിലെ നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നു. അപായ സാധ്യതകള്‍ നിര്‍ണയിക്കാന്‍ ഇനിയും പഠനങ്ങള്‍ ആവശ്യമുണ്ടെന്നും ഇപ്പോഴത്തെ വിവരങ്ങള്‍ അപൂര്‍ണമാണെന്നും ലോകാരോഗ്യ സംഘടനയും പറയുന്നു. 'ഇന്റര്‍ഫോണ്‍ സ്റ്റഡി' ഭാഗികമായി പുറത്തുവിട്ട ചില റിപ്പോര്‍ട്ടുകളില്‍ സൂചനകളുണ്ട്. പത്തുവര്‍ഷത്തോളമായി നിരന്തരം മൊബൈല്‍ ഫോണ്‍, പ്രത്യേകിച്ച് തലയുടെ ഒരേവശത്ത് ചേര്‍ത്ത് ഉപയോഗിക്കുന്നവര്‍ക്ക്, ബ്രെയിന്‍ ട്യൂമര്‍ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പഠനം വ്യക്തമാക്കുന്നു. 'അതിനര്‍ഥം മൊബൈല്‍ ഫോണ്‍ ബ്രെയിന്‍ ട്യൂമറിന് കാരണമാകും എന്നുതന്നെയാണ്' ^മോര്‍ഗന്‍ വാദിക്കുന്നു. മൊബൈല്‍ തരംഗങ്ങള്‍ ബ്രെയിന്‍ ട്യൂമറിനെ തടയുമെന്നും ചില പഠനങ്ങളുണ്ട്. എന്നാല്‍, റേഡിയേഷന്‍ പുറത്തുവിടുന്ന ഉപകരണം തലയില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് ബ്രെയിന്‍ കാന്‍സറിനെ തുരത്താമെന്നത് പരിഹാസ്യമായ കാര്യമായാണ് പല ഗവേഷകരും കരുതുന്നത്. 'അത് ശരിയാണെങ്കില്‍, എന്തുകൊണ്ട് മൊബൈല്‍ ഫോണ്‍ വ്യവസായകര്‍ ഇത് പ്രചരിപ്പിക്കുന്നില്ല? ലോകത്തെ 400 കോടി മൊബൈല്‍ ഫോണുകളും നിരോധിക്കപ്പെടുമെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, മൊബൈല്‍ ഫോണ്‍ കഴിയുന്നത്ര തലയില്‍നിന്ന് അകറ്റിനിര്‍ത്തി ഉപയോഗിക്കാനും ഇയര്‍ഫോണുകള്‍ ഘടിപ്പിക്കാനും ആളുകള്‍ നിര്‍ബന്ധിതരായിത്തീരും' ^മോര്‍ഗന്‍ പറയുന്നു. 14 രാജ്യങ്ങളിലെ 40ലധികം ശാസ്ത്രജ്ഞര്‍ മോര്‍ഗന്റെ കണ്ടെത്തലുകള്‍ അംഗീകരിച്ചിട്ടുണ്ട്. യൂനിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബര്‍ഗ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഡോക്ടര്‍ റൊണാള്‍ഡ് ഹെര്‍ബെര്‍മാന്‍ മോര്‍ഗന്റെ റിപ്പോര്‍ട്ട് കണ്ടതിനുശേഷം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഒരു മെമ്മോ അയച്ചു. മൊബൈല്‍ ഉപയോഗം കഴിയുന്നത്ര കുറക്കാനും തലയില്‍നിന്ന് കഴിയുന്നത്ര അകലത്തില്‍ അവ ഉപയോഗിക്കാനുമായിരുന്നു ഈ മെമ്മോയിലെ നിര്‍ദേശം. എന്തായാലും മോര്‍ഗന്റെ വാദങ്ങള്‍ ചില ഗൌരവചിന്തകള്‍ ഉണര്‍ത്തുന്നുണ്ട്.

No comments:

Post a Comment