Sunday, October 18, 2009


ആ പൊടിപടലങ്ങള്‍ എവിടെപ്പോയി ?
രണ്ടു പേടകങ്ങള്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുക. അതിന്റെ ആഘാതത്തില്‍ ഭൂമിയിലെ ദൂരദര്‍ശിനികളില്‍ നിന്ന് കാണാനാവുംവിധം 10 കിലോമീറ്ററോളം ഉയരത്തില്‍ പൊടിപടലങ്ങള്‍ പ്രവഹിക്കുക. അതില്‍നിന്ന് ഐസ് പരലിന്റെ സാധ്യത ചികയുക. ബഹിരാകാശ ചരിത്രത്തിലെ വന്‍ നേട്ടമാണെന്ന് കരുതുന്ന ഈ സാധ്യതയാണ് ഇക്കഴിഞ്ഞ ഒമ്പതിന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി 'നാസ' ആരാഞ്ഞത്.
രണ്ടാഴ്ച മുമ്പ് ഇന്ത്യയുടെ ചന്ദ്രയാന്‍ ചന്ദ്രനിലെ ജലസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ ആഴത്തില്‍ വെള്ളമോ ഹിമപാളികളോ ഉണ്ടോ എന്ന് സ്ഥിരീകരിക്കാനായിരുന്നു നാസയുടെ ശ്രമം. 2.2 ടണ്‍ ഭാരമുള്ള കത്തിത്തീര്‍ന്ന സെന്റോര്‍ റോക്കറ്റ് വെടിയുണ്ടയുടെ ഇരട്ടി വേഗത്തില്‍ ഇടിച്ചിറക്കിയാണ് സ്ഫോടനം നടത്തിയത്. ഈ സ്ഫോടനശക്തിയില്‍ ഉയര്‍ന്നുപൊങ്ങിയ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിച്ച പേടകം നാലു മിനിറ്റിനുശേഷം ഇടിച്ചിറക്കി. പേടകം പകര്‍ത്തി അയക്കുന്ന ആദ്യ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ വിലയിരുത്തി ജലസാന്നിധ്യം സ്ഥിരീകരിക്കാനായിരുന്നു പദ്ധതി.
ആദ്യം എല്‍ക്രോസ് പേടകത്തില്‍നിന്ന് വേര്‍പെട്ട്, വെടിയുണ്ടയുടെ വേഗത്തില്‍ ഇടിച്ചിറങ്ങുന്ന സെന്റോര്‍ റോക്കറ്റ് 350 ടണ്ണോളം പൊടിപടലങ്ങള്‍ ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷ. ഒളിമ്പിക് നീന്തല്‍ക്കുളത്തിന്റെ പകുതി വലുപ്പമുള്ള ഒരു കുഴി അവശേഷിപ്പിക്കുമെന്നും പിന്നീടുള്ള എല്‍ക്രോസിന്റെ ഇടിച്ചിറങ്ങല്‍ ഇതിന്റെ മൂന്നിലൊന്നു മാത്രം പ്രഹരശേഷിയുണ്ടാക്കുമെന്നും കരുതി. അങ്ങനെ പരീക്ഷണം നടന്നു. പേടകത്തില്‍നിന്ന് വേര്‍പെട്ട സെന്റോര്‍ റോക്കറ്റിന്റെ യാത്ര ചന്ദ്രോപരിതലത്തിലിറങ്ങുന്നതിന് നാലു മിനിറ്റ് മുമ്പുവരെ എല്‍ക്രോസിലെ കാമറകള്‍ തല്‍സമയം ഭൂമിയിലെത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍, പിന്നീട് തുടര്‍ച്ച നഷ്ടമായി. ഊഷ്മാവ് 170 മൈനസ് ഡിഗ്രി സെല്‍ഷ്യസും താഴ്ന്ന ഈ ഗര്‍ത്തത്തില്‍ ഐസ്പരലുകള്‍ തീര്‍ച്ചയായും ഉണ്ടാവുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചു.പിന്നീട് എല്‍ക്രോസ് പേടകം ഈ ഗര്‍ത്തത്തെ സമീപിച്ചുകൊണ്ടിരുന്നപ്പോള്‍ ദൃശ്യം വലുതായിക്കൊണ്ടിരുന്നു. പക്ഷേ, പ്രതിക്ഷീച്ചതുപോലെ പൊടിപടലങ്ങളുടെ ഒരു അടയാളവും ഇവ തന്നില്ല. നാസയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് ഉപകരണങ്ങളെല്ലാം പ്രവര്‍ത്തനക്ഷമമായിരുന്നുവെന്നാണ്. പക്ഷേ, പ്രതീക്ഷിക്കപ്പെട്ട പല ദൃശ്യങ്ങളും ലഭിച്ചില്ല. സ്ഫോടനം നടന്നെന്ന് സൂചിപ്പിക്കുന്ന ഏക തെളിവ് എല്‍ക്രോസിലെ ഇന്‍ഫ്രാറെഡ് കാമറ ഒപ്പിയെടുത്ത താപ തരംഗങ്ങള്‍ മാത്രമാണ്.
ദൌത്യത്തിനു മുമ്പ് നാസ പുറത്തുവിട്ട സ്ഫോടനത്തിന്റെ ആനിമേഷനുകള്‍ കണ്ടതിനാല്‍ തല്‍സമയ സംപ്രേഷണത്തിനെത്തിയ പൊതുജനങ്ങളുടെ പ്രതീക്ഷ വളരെ ഉയര്‍ന്നതായിരുന്നു. എന്നാല്‍, ആനിമേഷനപ്പുറം ഒന്നും കാണാനാവാതെ അവര്‍ നിരാശരായി. 'കാണാനാഗ്രഹിച്ച വലിയ പൊടിപടല പ്രവാഹം കാണാനായില്ല' ^ദൌത്യത്തിന്റെ നിരീക്ഷകരിലൊരാളായ മൈക്കല്‍ ബികേയ് പറയുന്നു. സ്ഫോടനത്തിന് ഒരു മണിക്കൂറിനകം ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുമെന്ന് നേരത്തെ ശാസ്ത്രകാരന്‍മാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, കൃത്യമായ ഉത്തരത്തിന് രണ്ടാഴ്ചയെടുക്കുമെന്നാണ് ഇപ്പോള്‍ നാസ പറയുന്നത്. വെളിച്ചക്കുറവുമൂലം സ്ഫോടന ചിത്രങ്ങള്‍ വ്യക്തമായില്ലെന്നും ചില വിദഗ്ധര്‍ പറയുന്നു.
ഭൂമിയിലെ ദൂരദര്‍ശിനികളിലെ ദൃശ്യങ്ങളും എല്‍ക്രോസ് അയച്ച വിവരങ്ങളും ഗവേഷകസംഘം വിശകലനം ചെയ്തുവരികയാണെന്നും ചന്ദ്രോപരിതലത്തിനടിയിലേക്ക് ഇറങ്ങിക്കിടക്കുന്ന രീതിയില്‍ ജലശേഖരമുണ്ടോയെന്ന വലിയ ചോദ്യത്തിന് ഉത്തരം ലഭിക്കുമെന്നും ഗവേഷകരിലൊരാളായ ആന്‍ഡ്രൂസ് പറയുന്നു.പ്രതീക്ഷിച്ചപോലെയല്ല ചന്ദ്രോപരിതലം പ്രവര്‍ത്തിച്ചതെന്ന് ദൌത്യത്തിന് ചന്ദ്രനില്‍ കൃത്യമായ ഇടം കണ്ടെത്തുന്നതില്‍ നാസയെ സഹായിച്ച ഡര്‍ഹം യൂനിവേഴ്സിറ്റിയിലെ ഡോ. വിന്‍സന്റ് എക് അഭിപ്രായപ്പെട്ടു. 'ആഘാതത്തോട് ചന്ദ്രനിലെ മണ്ണ് വേണ്ടവിധം പ്രതികരിച്ചില്ല. പക്ഷേ, മതിയായ വിവരങ്ങള്‍ ലഭിച്ചില്ലെന്നല്ല അതിലൂടെ അര്‍ഥമാക്കുന്നത്' ^എക് പറയുന്നു. ചാന്ദ്രധ്രുവങ്ങളിലെ നിഴലുവീണ ഗര്‍ത്തങ്ങളില്‍ ഹൈഡ്രജന്റെ സാന്നിധ്യമുണ്ടെന്നതിന്റെ ശക്തമായ തെളിവുകള്‍ കണ്ടെത്തിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ജലശേഖരം കണ്ടെത്തിയാല്‍ ചന്ദ്രനിലെ ഇടത്താവളമെന്ന ശാസ്ത്ര സ്വപ്നം പ്രയോഗക്ഷമമാവും. ചൊവ്വാ പര്യവേക്ഷണ ദൌത്യങ്ങള്‍ക്കും ചന്ദ്രന്‍ വേദിയാവും ^എക് പറയുന്നു. 'ലക്ഷ്യംവെച്ച സ്ഥാനത്തുതന്നെയാണ് പേടകം ഇടിച്ചിറങ്ങിയത്. അതില്‍ തര്‍ക്കമില്ല. പക്ഷേ, ആഘാതത്തില്‍ പദാര്‍ഥങ്ങള്‍ ചിതറിത്തെറിക്കുന്നത് ഉപരിതലത്തിന്റെ സ്വഭാവവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു. അത് പാറപോലെ ഉറച്ചതാണോ മൃദുവാണോ എന്നതൊക്കെ ഇതിനെ ബാധിക്കും' ^അദ്ദേഹം വിശദമാക്കി.

No comments:

Post a Comment